എന്റെ മകന്‍ ആക്ടര്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്റെ ഇഷ്ടത്തിനല്ല, അവരുടെ ഇഷ്ടത്തിനാണ് പ്രധാനം; മോഹന്‍ലാല്‍

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ പിറന്നാള്‍. കേരളക്കര ഒന്നാകെ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയര്‍ ഗ്രാഫിലെ ഉയര്‍ച്ച താഴ്ചകളും അവിസ്മരണീയ പ്രകടനങ്ങളുമെല്ലാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നു. കരിയറിനൊപ്പം ജീവിതത്തോടുള്ള മോഹന്‍ലാലിന്റെ കാഴ്ചപ്പാടുകളും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ആത്മീയതയില്‍ വിശ്വസിക്കുന്ന മോഹന്‍ലാല്‍ പല കാര്യങ്ങളിലും ചില ഫിലോസഫികള്‍ പിന്തുടരുന്നുണ്ട്.

ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; മകനെയും മകളെയും സ്‌നേഹിക്കാന്‍ ഒരു പരിധിയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ കൂടുതല്‍ എപ്പോഴും അവരെക്കുറിച്ച് ആലോചിച്ച് അവരില്‍ നിന്ന് മോശമായ പ്രതികരണം ഉണ്ടായാല്‍ നമ്മള്‍ കൂടുതല്‍ വേദനയിലേക്ക് പോകും. ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നെയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

മക്കളെക്കുറിച്ച് ഒരു സങ്കല്‍പ്പം കാണില്ലേ എന്ന ചോദ്യത്തിനും നടന്‍ മറുപടി നല്‍കി. അവര്‍ അവരുടേതായ ജീവിത ശൈലി ഉണ്ടാകട്ടെ, അവരുടെ ബുദ്ധിയില്‍ നിന്ന് അവര്‍ കണ്ടുപിടിക്കട്ടെ എന്ന് വിശ്വസിക്കുന്ന ആളാണ്. നമുക്കവരെ ഗൈഡ് ചെയ്യാന്‍ പറ്റും. എന്റെ അച്ഛന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമാണോ അല്ലയോ എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നീ നിന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യൂ. എന്നിട്ട് ഇഷ്ടം പോലെ പോലെ ചെയ്യൂ എന്നാണ്.

ഞാന്‍ എന്റെ മകനോടും അത് തന്നെയാണ് പറയാറ്. ഡിഗ്രി പൂര്‍ത്തിയാക്ക്. അത് കഴിഞ്ഞ് നിന്റെ മാര്‍ഗം നീ തെരഞ്ഞെടുക്കൂ എന്നാണ്. അദ്ദേഹത്തിന് പഠിപ്പിക്കാനാണ് ഇഷ്ടം. ഒരുപാട് പേര്‍ വന്ന് സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ചോദിച്ചപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇംഗ്ലീഷ് അറിയാത്ത ഒരുപാട് രാജ്യങ്ങളുണ്ട്. എനിക്കവരെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞു.

ഏറ്റവും നല്ല കാര്യമാണത്. അതാണ് അയാള്‍ക്ക് ഇഷ്ടമെങ്കില്‍ അത് ചെയ്യട്ടെ. ഞാന്‍ വിചാരിച്ചാലോ അയാള്‍ വിചാരിച്ചാലോ ആക്ടറാകാന്‍ പറ്റില്ല. എന്റെ മകന്‍ ആക്ടര്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്റെ ഇഷ്ടത്തിനല്ല, അവരുടെ ഇഷ്ടത്തിനാണ് പ്രധാനം. മക്കളോട് സ്‌നേഹം ഇല്ലെന്നല്ല. അവരോട് അറ്റാച്ച്‌മെന്റുണ്ട്. പക്ഷെ അതൊരു ഡിറ്റാച്ച്ഡ് അറ്റാച്ച്‌മെന്റ് ആണെന്നും മോഹന്‍ലാല്‍ അന്ന് വ്യക്തമാക്കി.

അതേസമയം ഈ അഭിമുഖം നല്‍കി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയ രംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്. വന്‍ വരവേല്‍പ്പാണ് പ്രണവിന് ലഭിച്ചത്. എന്നാല്‍ അഭിനയ പോരെന്ന വിമര്‍ശനം പ്രണവിന് കേള്‍ക്കേണ്ടി വന്നു. ഹൃദയം എന്ന സിനിമ പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പരാതികള്‍ അവസാനിച്ചത്. സിനിമയില്‍ മികച്ച പ്രകടനം നടന്‍ കാഴ്ച വെച്ചു.  പ്രണവിന്റെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ഹൃദയം.

അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത പ്രണവ് മോഹന്‍ലാല്‍ സിനിമ. സമ്മിശ്ര പ്രതിരണം ലഭിച്ച സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

യാത്രയെ പാഷനാക്കി വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും വൈറലാകാറുണ്ട്. അയാള്‍ക്ക് അതാണ് ഇഷ്ടമെന്നും തനിക്ക് സാധിക്കാത്തത് ആള്‍ ചെയ്‌തോട്ടെയെന്നുമായിരുന്നു മകന്റെ ഈ ജീവിത രീതികളെ സംബന്ധിച്ച ചോദ്യത്തിന് മോഹന്‍ലാല്‍ മുന്‍പ് നല്‍കിയ മറുപടി.

ബാലതാരമായിട്ടാണ് പ്രണവ് അഭിനയത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ഒന്നാമന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലമാണ് പ്രണവ് ചെയ്തത്. പിന്നീട് 2003ല്‍ മേജര്‍ രവിയും രാജേഷ് അമനകരയും എഴുതി സംവിധാനം ചെയ്ത പുനര്‍ജനിയിലും കേന്ദ്രകഥാപാത്രത്തെ പ്രണവ് അവതരിപ്പിക്കുകയും അതിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം പ്രണവ് നേടുകയും ചെയ്തു.


Vijayasree Vijayasree :