നടന്‍ മോഹന്‍ലാലിനെതിരെ രംഗത്തെത്തി ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സുഗതന്‍. ആശിര്‍വാദ് മള്‍ട്ടിപ്ലെക്‌സുകളില്‍ വിവാദ ചിത്രം ‘ദി കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കുന്നില്ലെന്നാരോപിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍ ബൈസര്‍ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഗതന്റെ വിമര്‍ശനം.
‘സ്വാര്‍ഥനായ മോഹന്‍ലാല്‍ താന്‍ അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ആദര്‍ശം അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളണമായിരുന്നു’ എന്നാണ് സുഗതന്റെ വിമര്‍ശനം. സമൂഹത്തിനു മാതൃക ആകാനാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ പദവിയിലൊക്കെ തന്നെ അവരോധിച്ചത്. അമ്മയുടെ തേങ്ങക്കുല ആകാനല്ല മിസ്റ്റര്‍ മോഹന്‍ ലാല്‍ എന്നും സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ ആക്രമണം രൂക്ഷമായതോടെ ‘ദി കേരള സ്‌റ്റോറി’പ്രദര്‍ശിപ്പിക്കാത്തതില്‍ ആശിര്‍വാദ് മള്‍ട്ടിപ്ലക്‌സ് വിശദീകരണം പുറത്തിറക്കിയിട്ടുണ്ട്. കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം എടുത്തിട്ടില്ലെന്ന് ആശിര്‍വാദ് ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ വ്യക്തമാക്കി.
സ്ലോട്ട് ഇല്ലാത്തതിനാലാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തത്. ഈ ആഴ്ച ആശിര്‍വാദില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ ചാര്‍ട്ട് ഫുളായിരുന്നു. സ്ലോട്ട് ഉണ്ടായിരുന്നില്ല. അടുത്ത ആഴ്ചയാണ് കമ്പനിക്കാരോട് പറഞ്ഞിരിക്കുന്നത്. ചാര്‍ട്ട് ചെയ്ത സിനിമ മാറിയാല്‍ വെള്ളിയാഴ്ച മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചു.
മെയ് അഞ്ചിനാണ് ‘ദി കേരള സ്‌റ്റോറി’ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്റെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ നിന്നാണ് ചിത്രം ഏറ്റവും കൂടുതല്‍ പണം സ്വന്തമാക്കിയത്. 4.56 കോടിയാണ് ചിത്രം സംസ്ഥാനത്ത് നിന്ന് നേടിയത്. ഗുജറാത്തില്‍ നിന്ന് ചിത്രം 1.58 കോടി രൂപയാണ് നേടിയത്.
കേരളത്തില്‍ 20ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മാളയില്‍ ആളില്ലാത്തതിനാല്‍ കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയേറ്ററില്‍ ഉച്ചക്ക് പ്രദര്‍ശനം നടത്തിയ ശേഷം കാഴ്ചക്കാരില്ലാത്തതിനാല്‍ നിര്‍ത്തിവെച്ചിരുന്നു.