വോട്ട് ചെയ്യാൻ മോഹൻലാലെത്തി. സസ്‌പെന്‍സ് പൊളിച്ചാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ എത്തിയത്. എറണാകുളത്തു നിന്ന് രാവിലെയാണ് തന്റെ മണ്ഡലമായ തിരുവനന്തപുരത്തെ പൂപ്പുരയിലെ മുടവന്‍മുകളില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്താനായി ലാല്‍ എത്തിയത്.
കഴിഞ്ഞദിവസം തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലാലിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ വോട്ട് ചെയ്യാന്‍ പോകുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും, സസ്‌പെന്‍സ് ആയി ഇരിക്കട്ടെ എന്നുമാണ് ലാല്‍ പ്രതികരിച്ചത്.
സുഹൃത്തായ സനല്‍കുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു. ആദ്യം വോട്ട് ചെയ്യാനായി നേരെ ബൂത്തിലേക്ക് കയറിയ ലാല്‍ വലിയ തിരക്കിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കുകയായിരുന്നു.മുടവന്‍മുകളിലെ പോളിംഗ് ബൂത്തില്‍ രാവിലെത്തന്നെ ക്യൂവില്‍ നിന്ന് തന്റെ വോട്ടവകാശം വിനിയോഗിച്ചു മോഹന്‍ലാല്‍. വെള്ള ഷര്‍ട്ടും ജീന്‍സുമായി മോഹന്‍ലാലെത്തിയപ്പോള്‍ ആദ്യം വോട്ടര്‍മാര്‍ക്ക് വിശ്വാസം വന്നില്ല. പിന്നെ ആര്‍പ്പ് വിളിയായി. പക്ഷേ പോളിംഗ് കേന്ദ്രമല്ലേ, എല്ലാവരും അച്ചടക്കത്തോടെ ക്യൂവില്‍ കയറി നിന്നു.
പൊരിഞ്ഞ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് നേമം, വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ രാവിലെ നീണ്ട ക്യൂവായിരുന്നു. തിരക്കിനിടെ വരി തെറ്റിക്കാനൊന്നും മോഹന്‍ലാലില്ല. തികഞ്ഞ അച്ചടക്കത്തോടെ ക്യൂ നിന്നു, വോട്ട് ചെയ്തു.
2. 61 ലക്ഷം വോട്ടര്‍മാരാണ് കേരളത്തില്‍ വിധിയെഴുതുന്നത്. 2.8 ലക്ഷം പേര്‍ക്ക് ഇത് കന്നി വോട്ടാണ്. രാവിലെ ആറിന് പരീക്ഷണ പോളിങ്ങ് ആരംഭിച്ചു. ചിലയിടങ്ങളില്‍ വോട്ടിങ്ങ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയിട്ടുണ്ട്. ഇവക്ക് പകരം യന്ത്രങ്ങളെത്തിച്ച് പോളിങ്ങ് ആരംഭിക്കും.
mohanlal arrival for loksabha voting