ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മുരളി എന്നെ കാത്തിരിക്കുകയായിരുന്നു; കണ്ടതും മുരളി മേശയില്‍ കൈതാങ്ങി നിന്ന് കരഞ്ഞു !! മോഹൻലാൽ പറയുന്നു…..

ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മുരളി എന്നെ കാത്തിരിക്കുകയായിരുന്നു; എന്നെ കണ്ടതും മുരളി മേശയില്‍ കൈതാങ്ങി നിന്ന് കരഞ്ഞു !! മോഹൻലാൽ പറയുന്നു…..

നടൻ മുരളിയും മോഹൻലാലും ഒരുപാട് സിനിമകൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തന്റെ എന്റെ പല കഥാപാത്രങ്ങളും പൂര്‍ണതയിലെത്തിയതില്‍ മുരളി, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഒഴിച്ചുകൂടാനാകാത്ത പങ്കാണുള്ളതെന്ന് മോഹന്‍ലാല്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുമുണ്ട്. അത്തരത്തില്‍ മുരളിക്കൊപ്പമുണ്ടായിരുന്ന ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

മോഹൻലാലിൻറെ വാക്കുകൾ:

‘സദയം’ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ഈ സംഭവം നടക്കുന്നത്. തൂക്കാന്‍ വിധിച്ച ശേഷം ദയാഹര്‍ജി നല്‍കി വിധി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു ആ സിനിമയിൽ എനിക്ക്. ദയാഹര്‍ജി രാഷ്‌ട്രപതി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ യഥാര്‍ത്ഥ കൊലമരത്തില്‍ വെച്ചുതന്നെയായിരുന്നു ഈ രംഗം ഷൂട്ട് ചെയ്‌തത്‌. തൂക്കിക്കൊലയുടെ യഥാര്‍ത്ഥ ചടങ്ങുകളിലൂടെയെല്ലാം ഞാനും കടന്നുപോയി. വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് കുളിച്ചു. ഷൂട്ടിങ് സ്ഥലത്ത് സൂചിയിട്ടാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. കൊലമരത്തിന് കീഴെ ഞാന്‍ നിന്നശേഷം കുറ്റപത്രം വായിച്ചുകേട്ടു. കയര്‍ പതുക്കെ തലയിലൂടെ ഇട്ടു.

കൈകള്‍ പിറകില്‍ കെട്ടിയിട്ടുണ്ടായിരുന്നു. കാലുകള്‍ കൂടെയുണ്ടായിരുന്ന ആരോ ചേര്‍ത്ത് വലിച്ചു. ലിവര്‍ വലിക്കാനായി ഒരാള്‍ തയ്യാറായി നില്‍പുണ്ട്, ‘ആക്ഷന്‍’ സിബി മലയിലിന്റെ നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു. ക്യാമറ ഓടുന്നതിന്റെ മുരള്‍ച്ച പോലും കേള്‍ക്കാമായിരുന്നു. പിന്നീട് എന്നെ പുറത്തേക്ക് നടത്തി. കൊലമരത്തില്‍ ചവിട്ടിനില്‍ക്കുന്ന വാതില്‍ താഴോട്ട് തുറക്കുന്നതാണ് അവസാന ഷോട്ട്. ലിവര്‍ വലിച്ചപ്പോള്‍ വാതില്‍ തുറന്ന് ശക്തിയില്‍ മതിലില്‍ വന്നിടിച്ചതിന്റെ ശബ്ദം ജയിലില്‍ മുഴങ്ങി. ജയില്‍മരത്തിലെ വവ്വാലുകള്‍ കൂട്ടത്തോടെ പറയുന്നുയരുന്നത് ഞാന്‍ പുറത്തുനിന്ന് കണ്ടു. മരണം ജയില്‍ അറിയുന്നത് ഈ ശബ്ദത്തിലൂടെയാണ്. തിരിച്ച് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മുരളി കാത്തിരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും മുരളി മേശയില്‍ കൈതാങ്ങി നിന്ന് കരഞ്ഞു.

“ലാലേ അതൊരു യന്ത്രമാണ്. ലാല്‍ കയറി നില്‍ക്കുമ്പോള്‍ ആ വാതിലെങ്ങാനും താഴോട്ട് തുറന്നു പോയിരുന്നെങ്കിലോ? ലിവര്‍ വലിക്കുന്നയാള്‍ക്ക് കൈപിഴച്ച് വലിച്ചുപോയിരുന്നെങ്കിലോ? എനിക്കു വയ്യ.”

ശരിയാണ്. ചെറിയൊരു പിഴവ് പറ്റിയിരുന്നെങ്കില്‍ ആ വാതില്‍ താഴോട്ട് തുറന്നുപോകുമായിരുന്നു. കൈകള്‍ പിറകില്‍ കെട്ടി തല മൂടിയ എനിക്ക് ഒന്നു കുതറാന്‍ പോലും സമയം കിട്ടില്ലായിരുന്നു. ഒരുമിച്ചഭിനയിക്കുമ്പോള്‍ രണ്ട് കഥാപാത്രങ്ങള്‍ക്കുമുണ്ടായ പൂര്‍ണതയാണ് മുരളിയെ കരയിപ്പിച്ചത്.

‘പച്ചയായ മനുഷ്യന്‍’ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് മുരളിയുടേത്. പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിച്ചും, സ്‌നേഹിക്കേണ്ടിടത്ത് സ്‌നേഹിച്ചും മനുഷ്യന്റെ പച്ചയായ വികാരങ്ങളെ പൊയ്മുഖങ്ങള്‍കൊണ്ട് മറച്ചുപിടിക്കാതെ, മനസ്സില്‍ പലതും മറച്ചുവച്ച് പെരുമാറുന്നവരുടെ ലോകത്ത് തീര്‍ത്തും വ്യത്യസ്തനായാണ് മുരളി ജീവിച്ചത്. സമൂഹത്തിന്റെ ഒഴുക്കിനെതിരെയുള്ള ഈ നില്‍പ്പ് തന്നെയാണ് പലരും അദ്ദേഹത്തെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയതും.

Mohanlal about actor Murali

Abhishek G S :