ഈ സഹജീവി സ്‌നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്, ഒരു മഹാനടന്‍ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീര്‍ക്കുന്നത് ; താരങ്ങൾക്ക് നന്ദിയറിയിച്ച് ഫെഫ്ക

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ദിവസവേതനക്കാരയ തൊഴിലാലികള്‍ക്കും കൊവിഡ് കാലത്ത് സഹായഹസ്തവുമായി എത്തിയ നടൻ മോഹന്‍ലാലിനും നടി മഞ്ജു വാര്യര്‍ക്കും നന്ദി അറിയിച്ച് ഫെഫ്ക. താരങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ കത്തെഴുതി. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അംഗങ്ങള്‍ക്കായി ഫെഫ്ക സ്വരൂപിക്കുന്ന കരുതല്‍ നിധിയിലേക്ക് മോഹന്‍ലാല്‍ പത്തുലക്ഷവും മഞ്ജു വാര്യര്‍ അഞ്ചു ലക്ഷവും സംഭാവന നല്‍കിയിരുന്നു. കൂടാതെ കല്യാണ്‍ ജുവല്ലേഴ്‌സുമായി ബന്ധപ്പെടുത്തി ഇന്ത്യയിലെ ദിവസ വേതനക്കാരായ മുഴുവന്‍ ചലച്ചിത്രതൊഴിലാളികള്‍ക്കും ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ഒരു സമഗ്രപദ്ധതിക്ക് രൂപം നല്‍കുന്നതിലും മഞ്ജു വാര്യര്‍ ഫെഫ്കയുടെ കൂടെ നിന്നുവെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ദിവസവേതനക്കാരാണ് ഇതോടെ ദുരിതത്തിലായത്. പ്രതിസന്ധിയിലായ ദിവസവേതക്കാരെ സഹായിക്കുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് നടി മഞ്ജു വാര്യര്‍ ഫെഫ്കയുടെ കരുതല്‍ നിധിയിലേക്ക് സംഭാവന നല്‍കിയത്. സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും എഴുതിയ കത്തുകള്‍ താഴെ കൊടുക്കുന്നു;

എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹന്‍ലാല്‍ ,

തൊഴില്‍ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ് സാങ്കേതികപ്രവര്‍ത്തകരും യാതനയിലാണെന്നറിഞ്ഞപ്പോള്‍, ഞങ്ങള്‍ താങ്കളെ സമീപിക്കാതെ തന്നെ, ഞങ്ങള്‍ രൂപപ്പെടുത്തുന്ന ‘കരുതല്‍ നിധിയിലേക്ക്’ 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി. താങ്കള്‍ തുടങ്ങിവെച്ച മാതൃകയാണ് മറ്റുള്ളവര്‍– അവര്‍ എണ്ണത്തില്‍ അധികമില്ല– പിന്തുടര്‍ന്നത്.

ഈ സഹജീവി സ്‌നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്, ഒരു മഹാനടന്‍ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീര്‍ക്കുന്നത്. ഒരോതവണ നമ്മള്‍ ഫോണില്‍ സംസാരിക്കുമ്ബോഴും, സന്ദേശങ്ങള്‍ കൈമാറുമ്ബോഴും, നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാന്‍ കഴിയും എന്ന് മാത്രമാണ് താങ്കള്‍ ചോദിക്കാറുള്ളത്. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട് കാണിച്ച അതേ സാഹോദര്യവും കരുതലും , ഈ കഴിഞ്ഞ ദിവസങ്ങളില്‍, സമൂഹത്തിലെ മറ്റ് വിഭാഗങ്ങളോടും താങ്കള്‍ പങ്ക് വെയ്ക്കുന്നത് കണ്ടു. സന്തോഷം. മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനില്‍ക്കുമ്ബോള്‍ പോലും, സിനിമാ ലൊക്കേഷനുകളില്‍, താങ്കള്‍ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ മുതല്‍ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലര്‍ത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമര്‍ശിക്കാറുള്ളതാണ്. താങ്കള്‍ പുലര്‍ത്തി വരുന്ന ആ മൂല്യങ്ങളുടെ തുടര്‍ച്ച തന്നെയാണ്, ഇപ്പോള്‍, ഈ വിഷമസന്ധിയില്‍, താങ്കള്‍ നല്‍കിയ സഹായവും. താങ്കളോട്, അളവറ്റ നന്ദിയും സ്‌നേഹവും; കൂടെ നിന്നതിന്, കൈ പിടിച്ചതിന്.

ശ്രീമതി മഞ്ജു വാര്യര്‍,

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ആദ്യം നിശ്ചലമായ മേഖലകളിലൊന്നാണല്ലോ, നമ്മള്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്രവ്യവസായം. ഇനിയെന്ന് ചിത്രീകരണം പുന:രാരംഭിക്കാന്‍ കഴിയുമെന്നും നമ്മുക്കറിയില്ല. മലയാളത്തില്‍ മൂവായിരത്തോളം വരുന്ന ദിവസവേതനക്കാരായ സഹപ്രവര്‍ത്തകര്‍ നമ്മുക്കുണ്ട്; കൂടാതെ, സഹസംവിധായകര്‍, ഡബിംഗ് ആര്‍ട്ടിസ്റ്റുകള്‍, നര്‍ത്തകര്‍…അങ്ങിനെ വലിയൊരു വിഭാഗം. അവരൊയെക്കെ എങ്ങിനെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ കഴിയും എന്ന ആശങ്കയില്‍ ഞങ്ങള്‍ കൂടിയാലോചന നടത്തുന്ന സമയത്താണ്, താങ്കള്‍ എന്നെ ഇങ്ങോട്ട് ഫോണില്‍ വിളിച്ച്‌, ഞങ്ങള്‍ സമാഹരിക്കുന്ന ‘കരുതല്‍ നിധി’യിലേക്ക്, അഞ്ചുലക്ഷം രൂപ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ, ആ പണം അയച്ചു തരികയും ചെയ്തു. താങ്കള്‍ തന്നെയാണ് ഈ ധനസമാഹരണത്തിനു സഹായകമാവും എന്ന ലക്ഷ്യത്തോടെ, കല്യാണ്‍ ജുവലേര്‍സ്സുമായി എന്നെ ബന്ധപ്പെടുത്തുന്നതും. ആ ചര്‍ച്ച വികസിച്ചത്, ഇന്ത്യയിലെ ദിവസ വേതനക്കാരായ മുഴുവന്‍ ചലച്ചിത്രതൊഴിലാളികള്‍ക്കും ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ഒരു സമഗ്രപദ്ധതിയിലേക്കാണ്.

ഫെഫ്കയിലെ അംഗങ്ങളോട് കാട്ടിയ സ്‌നേഹത്തിനും പ്രതിബദ്ധതയ്ക്കും, ഞങ്ങള്‍ക്കു മഞ്ജുവിനോട് നിസ്സീമമായ നന്ദിയുണ്ട്. സ്‌നേഹവും. മഞ്ജുവിന്റെ തുടര്‍യാത്രകളില്‍, ഉള്ളില്‍ സൂക്ഷിക്കുന്ന തൊഴിലാളി വര്‍ഗ്ഗബോധത്തിന്റേയും സാഹോദര്യത്തിന്റേയും ശക്തമായ മൂല്യങ്ങള്‍ തുണയായി എപ്പോഴും കൂടെ ഉണ്ടാവുമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല.

സ്‌നേഹത്തോടെ,
ഉണ്ണിക്കൃഷ്ണന്‍ ബി
( ജനറല്‍ സെക്രറ്ററി: ഫെഫ്ക)

mohanlal

Noora T Noora T :