കാണുന്ന എല്ലാ കുട്ടികളോടും ഇപ്പോഴും പ്രണയം തോന്നാറുണ്ട്; കോളേജ് കാലഘട്ടം തുടങ്ങിയപ്പോഴേക്കും അതിന് സമയം കിട്ടിയില്ല; മമ്മൂട്ടിയോടുള്ള അസൂയയെ കുറിച്ചും മനസ് തുറന്ന് മോഹന്‍ലാല്‍!

മലയാളികളുടെ അഭിമാന താരമായ മോഹന്‍ലാല്‍ സിനിമാ ജിവിതത്തില്‍ 40 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ വ്യക്തി പ്രഭാവം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് മോഹന്‍ലാലെന്ന് മറ്റ് പല നടന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അഭിനയം കൊണ്ടുമാത്രമല്ല സ്വഭാവത്തിലൂടെയും മോഹൻലാലിന് ആരാധകർ ഏറെയാണ്.

എന്നാല്‍, തന്റെ ആദ്യ പ്രണയത്തേക്കുറിച്ചും മമ്മൂട്ടിയോട് തോന്നിയ അസൂയയെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ മനസുതുറക്കുകയാണ്. ഒരു ടെലിവിഷൻ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ലാലേട്ടന്റെ തുറന്നുപറച്ചിൽ.

ആദ്യ പ്രണയത്തേക്കുറിച്ച് ചോദിച്ച ആരാധകന് രസകരമായ മറുപടിയാണ് മോഹന്‍ലാല്‍ നല്‍കുന്നത്. ആദ്യ പ്രണയം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്നത്. പ്രണയമില്ലാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു. സ്‌കൂള്‍ കാലഘട്ടങ്ങളിലൊക്കെ പലരോടും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും പ്രണയമായിരുന്നില്ലെന്ന് താന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്.

കാണുന്ന എല്ലാ കുട്ടികളോടും ഇപ്പോഴും തനിക്ക് പ്രണയമാണെന്നും കോളേജ് കാലഘട്ടം തുടങ്ങിയപ്പോഴേക്കും സിനിമയില്‍ വന്നതിനാല്‍ പ്രണയിക്കാന്‍ സമയം കിട്ടിയില്ലെന്നതാണ് വാസ്തവമെന്നും ലാല്‍ പറയുന്നു.

ഓരോ ദിവസവും ആഘോഷിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. മമ്മൂട്ടിയോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താനിതെപ്പോഴും നേരിടുന്ന ചോദ്യമാണെന്നാണ് ലാല്‍ പ്രതികരിച്ചത്.

മമ്മൂട്ടിയോട് തനിക്ക് ബഹുമാനമാണുളളതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്ന ആളുകളാണ് തങ്ങളെന്നും നല്ല സുഹൃത്തുക്കളായ തങ്ങള്‍ക്കിടയില്‍ അസൂയയ്ക്ക് സഥാനമില്ലെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

അസൂയ എന്നത് ഒരു വാക്കാണെന്നും അതൊരു വികാരമായി മാറിയാലാണ് പ്രശ്നമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ആശയങ്ങളും അഭിപ്രായങ്ങളുമുണ്ട്. അതില്‍ നിന്നു കൊണ്ടുതന്നെ ഞങ്ങളുടെ നിലപാടുകള്‍ പങ്കു വെക്കാറുമുണ്ട്,’ മോഹന്‍ലാല്‍ വ്യക്തമാക്കി.

about mohanlal

Safana Safu :