ഷാരൂഖ് ഖാനെ പ്രശംസിച്ച് സംവിധായകന്‍ ഹന്‍സാല്‍ മേത്ത

ഷാരൂഖ് ഖാനെ പ്രശംസിച്ച് സംവിധായകന്‍ ഹന്‍സാല്‍ മേത്ത. പഠാന്റെ ബോക്‌സ് ഓഫീസ് വിജയം നടന്‍ അര്‍ഹിക്കുന്നതാണ്. നല്ല സിനിമയെയും നല്ല മനുഷ്യരെയും ആര്‍ക്കും തടയാനാകില്ലെന്നും അവര്‍ പ്രേക്ഷകരിലേയ്ക്ക് എത്തുകതന്നെ ചെയ്യുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഹന്‍സാല്‍ പറഞ്ഞു.

‘ബോളിവുഡ് വ്യവസായത്തിന് സ്വന്തമായ നിലനില്‍പ്പുണ്ട്. പ്രേക്ഷകരിലേയ്ക്ക് എത്തുന്ന ചിത്രം നല്ല ചിത്രമായിരിക്കും. അതിന്റെ തെളിവാണ് പഠാന്‍. ഒരു നല്ല മനുഷ്യനെയും ഒരു നല്ല സിനിമയെയും ഒരുപാടുനാള്‍ തടഞ്ഞ് വയ്ക്കാനാകില്ല. ചില നല്ല സിനിമകള്‍ക്ക് കാഴ്ചക്കാരെ നഷ്ടമായിട്ടുണ്ട്, എന്നാല്‍ ഒടിടിയില്‍ അവ പ്രേക്ഷകരെ കണ്ടെത്തും. കാലം മറുകയാണ്.’

പന്ത്രണ്ട് ദിവസത്തില്‍ 823 കോടി രൂപ പഠാന്‍ നേടിയിട്ടുണ്ട്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ മികച്ച അഭിപ്രായം പ്രവഹിച്ചതോടെ റിലീസ് ദിനം മുതല്‍ കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രം കാഴ്ചവെക്കുന്നത്. രാജ്യത്തിന് പുറത്തും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വലുതാണ്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആറിന്റെ അമേരിക്കയിലെ കളക്ഷനും ചിത്രം ഉടന്‍ തകര്‍ക്കും.

ഗോള്‍ഡന്‍ ഗ്ലോബിന് ശേഷമുള്ള റീ റിലീസ് കളക്ഷന്‍ ഉള്‍പ്പെടെ 122 കോടിയില്‍ അധികമായിരുന്നു ആര്‍ആര്‍ആറിന്റെ അമേരിക്കയിലെ കളക്ഷന്‍. പഠാന്‍ ഇതിനോടകം തന്നെ 115 കോടി കടന്നുകഴിഞ്ഞു. ഹന്‍സലിന്റെ ഏറ്റവും പുതിയ റിലീസ് ‘ഫറാസ്’ ആയിരുന്നു. സഹാന്‍ കപൂറും ആദിത്യ റാവലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2016 ജൂലൈയില്‍ ബംഗ്ലാദേശിലെ ധാക്കയിലെ ബേക്കറിയില്‍ നടന്ന ഭീകരാക്രമണത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 2013ലെ മികച്ച സിനിമ സംവിധായകനുള്ള ഇന്ത്യന്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ഹന്‍സല്‍ മേത്തക്കായിരുന്നു. ജയതേ, ചല്‍, രാഖ്, സിറ്റി ലൈറ്റ്‌സ് തുടങ്ങിയവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

Vijayasree Vijayasree :