സുരേഷ് ഗോപിയുടേതായി പുറത്തെത്തിയ ചിത്രമാണ് മേം ഹൂം മൂസ. സെപ്തംബര്‍ മുപ്പതിന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രം പ്രതീക്ഷ തെറ്റിച്ചില്ലെന്നും നാളുകള്‍ക്ക് ശേഷം തിയേറ്ററുകളെ ഉണര്‍ത്താന്‍ മൂസയ്ക്ക് കഴിഞ്ഞുവെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.
ചിത്രത്തിന്റെ സംവിധായകനെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വെള്ളിമൂങ്ങ എന്ന ഒറ്റ ചിത്രം മതി ജിബു ജേക്കബ് എന്ന സംവിധായകന്റെ കഴിവ് എത്രത്തോളമാണെന്ന് മനസിലാക്കാന്‍. മേ ഹൂം മൂസയിലും പുള്ളി പതിവ് തെറ്റിക്കുന്നില്ല. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ക്ക് കൊണ്ട് പൊതിഞ്ഞ ആനുകാലിക പ്രസക്തിയുള്ള നല്ലൊരു സിനിമ തന്നെയാണ് മേം ഹൂം മൂസ.
മൂസ എന്നൊരു പട്ടാളക്കാരന്റെ കഥയാണ്. രാജ്യത്തിന് വേണ്ടി യുദ്ധത്തില്‍ വീര മൃത്യു വരിച്ചു എന്ന് നാട് മൊത്തം വിശ്വസിച്ചിരുന്ന മൂസ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നാട്ടിലേക്ക് ജീവനോടെ മടങ്ങിയെത്തുകയാണ്. ഇതേ തുടര്‍ന്ന് സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് മേ ഹൂം മൂസയിലൂടെടെ നമുക്ക് കാണാനാവുക.
ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ ഒന്നും അറിയാതെ കഴിഞ്ഞ മൂസ പിന്നീട് ആധുനിക ലോകത്തേക്ക് കടന്നു വരുമ്പോളുണ്ടാകുന്ന കാര്യങ്ങള്‍ ഒരേ സമയം നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. താന്‍ സ്ഥിരം ചെയ്യുന്ന തരം റോള്‍ അല്ലാഞ്ഞിട്ട് കൂടി മൂസ എന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞു.
സൈജു കുറുപ്പിന്റ കഥാപാത്രവും പ്രകടനത്തില്‍ മികച്ചു നിന്നതായാണ് മനസിലാക്കുന്നത്. സൈജു മാത്രമല്ല. ചിത്രത്തിലുള്ള എല്ലാവരും !ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴിച വെച്ചത്. കോമഡി സിനിമകള്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന മലയാള സിനിമാ ഇന്‍ഡ്സ്ട്രിയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്കുന്ന സിനിമ തണനെയാണ് മേ ഹൂം മൂസ എന്ന് നിസംശയം പറയാം.
വളരെ ആഴത്തില്‍ പറഞ്ഞുപോകാവുന്ന, പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന കഥാതന്തു തന്നെയാണ് ചിത്രത്തിന്റേത്. മേല്‍വിലാസം നഷ്ടമാകുന്ന മനുഷ്യര്‍, സ്വന്തം ഐഡന്റിറ്റി തെളിയിക്കാനായി പോരാടേണ്ടി വരുന്നവര്‍, യുദ്ധമുഖങ്ങളില്‍ മരിച്ചുവീഴുന്ന, കാണാതാവുന്ന പട്ടാളക്കാര്‍,അങ്ങനെ ജീവിതത്തിന്റെ ദശാസന്ധികളില്‍ പെട്ടുഴറുന്ന ഒരുപാട് മുഖങ്ങളെ, സംഭവങ്ങളെ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേദനയെ ഒക്കെ ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പൊലീസ്, പട്ടാളകഥാപാത്രങ്ങളില്‍ എപ്പോഴും കസറുന്ന സുരേഷ് ഗോപിയുടെ മാനറിസവും രൂപഭാവങ്ങളും ചലനവുമൊക്കെ ലാന്‍സ് നായിക് മുഹമ്മദ് മൂസ എന്ന കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് നിസംശയം പറയാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ മനോഹരമായൊരു ദൃശ്യവിരുന്ന് മേ ഹൂം മൂസയില്‍ കാണാം.
ടൈറ്റില്‍ സോങ്ങിനിടെ സ്ക്രീനില്‍ മിന്നി മറയുന്ന വിഷ്വലുകള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയുള്ള ഒരു മിനിടൂറാണ്. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍ രംഗങ്ങളൊക്കെ അടങ്ങിയ വലിയൊരു ക്യാന്‍വാസാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരുക്കുന്നത്. ഛായാഗ്രാഹകനായ ശ്രീജിത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ കാഴ്ചയെ സമ്പന്നമാക്കുന്നുണ്ട്. രൂപേഷ് റെയ്ന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.
3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ.
രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്, സംഗീതം ശ്രീനാഥ് ശിവശങ്കരന്, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്തെറ്റിക് കുഞ്ഞമ്മ.
