മെർലിൻ മൺറോയുടെ വീട് ഇനി ചരിത്ര സാംസ്കാരിക സ്മാരകം; പ്രഖ്യാപനവുമായി ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിൽ

പ്രശ്ത അമേരിക്കന്‍ മോഡലും നടിയുമായിരുന്നു മെര്‍ലിന്‍ മണ്‍റോ. ഇപ്പോഴിതാ നടിയുടെ വീട് ചരിത്ര-സാംസ്കാരിക സ്മാരകമാകാനൊരുങ്ങുകയാണ്. ലോസ് ഏഞ്ചൽസിലെ ബ്രെൻ്റ്‌വുഡിലാൺ് മെര്‍ലിന്‍റെ വീട്. ഈ വീട് പൊളിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിന്റെ ഔദ്യോഗിക തീരുമാനം പ്രഖ്യാപനം വന്നിരിക്കുന്നത്.

സിനിമയിലെത്തിയ ശേഷം 1962 ല്‍ മെ‍‍ർ‌ലിൻ സ്വന്തമായി വാങ്ങുന്ന ആദ്യ വീടാണ് ഇത്. സ്പാനിഷ് കൊളോണിയൽ ശൈലിയിലുള്ള ഈ വീട്ടിലാണ് മരിക്കുന്നതിന് മുൻപുള്ള ആറ് മാസക്കാലം താരം താമിസിച്ചിരുന്നത്. ബ്രിന മിൽസ്റ്റീനും ഭർത്താവ് റോയ് ബാങ്കുമാണ് നിലവില്‍ ഈ വീടിന്‍റെ ഉടമസ്ഥര്‍. കഴിഞ്ഞ വർഷമാണ് 8.35 മില്യൺ ഡോളറിന് വീട് വാങ്ങിയത്.

എന്നാല്‍ തങ്ങളുടെ വസ്തു വികസിപ്പിക്കുന്നതിന്റെ ഭാ​ഗമായി ദമ്പതിമാ‍‍ർ വീട് പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതോടെ സാമൂഹിക പ്രവ‍‌ർത്തകർ എതി‍ർപ്പുമായി മുന്നോട്ട് വരികയായിരുന്നു. വീടിന് മാറ്റങ്ങൾ വരുത്തിയെന്നും മൺറോയുടെ ചരിത്ര അവശേഷിപ്പുകൾ ഇവിടെയില്ലെന്നുമായിരുന്നു ദമ്പതികളുടെ വാദം.

മാത്രമല്ല, വീട്ടിലേക്ക് സന്ദർശകർ വരുന്നത് തങ്ങളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നുവെന്നും പൊളിക്കുന്നതിന് കാരണമായി ദമ്പതികൾ പരാതി നൽകിയിരുന്നു. ഈ കേസിന്റെ വാദം ഓഗസ്റ്റ് 13 ന് പരിഗണിക്കാനിരിക്കെയാണ് ഉടമകളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് സിറ്റി കൗൺസിൽ വീടിന് ചരിത്രപരമായ പദവി നൽകിയത്.

എന്നാല്‍ പദവി നൽകിയത് കൊണ്ട് വീട് പൊളിക്കൽ നടപടി പിൻവലിക്കാൻ സാധിക്കില്ല. ഇത് ഉടമകളുമായി കൗൺസിലിന് ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്നും മൺറോയുടെ ഐതിഹാസിക ജീവിതം തിരിച്ചറിയേണ്ടതിൻ്റെയും ബ്രെൻ്റ്‌വുഡ് വീട് സംരക്ഷിക്കേണ്ടതിൻ്റെയും ആവശ്യതകതയെ കുറിച്ചും കൗൺസിൽ അംഗം ട്രാസി പാർക്ക് പറഞ്ഞിരുന്നു.

മുപ്പത്തിയാറാമത്തെ വയസ്സിലാണ് മെർലിൻ മൺറോയുടെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. 1950കളില്‍ ഹോളിവുഡിന്‍റെ മനം കവര്‍ന്ന മർലിൻ മണ്‍റോ ഇന്നും ലോകത്തിന്‍റെ ഫാഷന്‍ ഐക്കണാണ്.

1941നും 1961നും ഇടയില്‍ 29 സിനിമകളിൽ മെർലിൻ അഭിനയിച്ചു. 1962ല്‍ 36ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മർലിൻ മൺറോയുടെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്.

Vijayasree Vijayasree :