മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചോരയില്‍ കുളിച്ച് ഉണ്ണി മുകുന്ദന്‍!!

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൈ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം മാര്‍കോ നിർമ്മിക്കുന്നത് ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറുകൾ ചേർന്നാണ്.

ആക്ഷൻ ഹീറോയായിട്ടാകും ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ എത്തുക. വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍കോ. സംഗീതം രവി ബസ്രുറും നിര്‍വഹിക്കുന്ന ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ മാര്‍കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. . ഉണ്ണി മുകുന്ദന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത കൊടൂര കഥാപാത്രമായിരിക്കും മാർക്കോ എന്ന് അടിവരയിട്ട് പറയുന്നതാണ് പുതിയ പോസ്റ്റർ.

ചോരപുരണ്ട കത്തി കടിച്ചുപിടിച്ച് രക്തത്തിൽ കുളിച്ചു നിൽക്കുന്ന ഉണ്ണിമുകുന്ദനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. “അവരുടെ കാരണങ്ങൾ അവസാനിച്ചപ്പോൾ, അവന്റെ കത്തി ആരംഭിച്ചു” എന്ന അടിക്കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ആയിരുന്നു മാർക്കോ ജൂനിയർ. ഈ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കുന്ന സിനിമയാണ് മാർക്കോ.

കെജിഎഫിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച രവി ബസ്രൂർ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും മാർക്കോയ്‌ക്ക് ഉണ്ട്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് എന്നീ മുൻനിര സ്റ്റണ്ട് മാസ്റ്റേഴ്സ് ഒരുക്കുന്ന എട്ടോളം വൻ സംഘട്ടനരംഗങ്ങൾ അടങ്ങുന്നു.

ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങി വൻ താരനിര തന്നെ മാർക്കോയിൽ അണിനിരക്കുന്നു. ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്,കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

അതേമസമയം, സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് മാർക്കോ ഹിന്ദി ഡബ്ബിങ് വിറ്റു പോയതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. 5 കോടിയും അൻപത് ശതമാനം തിയറ്റർ ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനി സ്വന്തമാക്കിയത്. 8 ആക്‌ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് ആക്‌ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ സ്റ്റണ്ട് മാസ്റ്റേഴ്സ് മൂന്നു പേരാണ്.‌ കലൈ കിങ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ്.

Athira A :