മലയാളികള്‍ക്കേറെ സുപരിചിതയായിരുന്നു സിനിമ സീരിയല്‍ താരം രഞ്ജുഷ മേനോന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പെത്തിയ താരത്തിന്റെ വിയോഗ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യ ഉണ്ടാക്കിയ വേദന മാറും മുന്‍പേയാണ് മറ്റൊരു മരണം കൂടി സീരിയല്‍ രംഗത്ത് ഉണ്ടായിരിക്കുന്നത്. ഇപ്പോഴും രഞ്ജുഷയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സഹപ്രവര്‍ത്തകരും കുടുംബവും.
സീരിയലിന്റെ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷത്തിന് എല്ലാവരും തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. ഇപ്പോഴും മരണത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. രണ്ട് ദിവസം മുന്‍പ് വരെയും തങ്ങളോട് ഏറെ ഉത്സാഹത്തോടെ കളിച്ച് ചിരിച്ച് നടന്ന രഞ്ജുഷ എന്തിന് ഈ കടുംകൈ ചെയ്തു എന്നാണ് ഓരോരുത്തരും ചോദിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തയുടെ മരണത്തില്‍ അപലപിച്ച് രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ യൂട്യൂബ് ചാനലുകളിലൂടെയും മറ്റുമായി നടിയുടെ മരണം ഒരു ആഘോഷമാക്കുകയാണെന്ന് പറയുകയാണ് സീരിയല്‍ നടന്‍ മനോജ്. നേരത്തെ രഞ്ജുഷയുടെ മരണത്തില്‍ പ്രതികരണവുമായി മനോജിന്റെ ഭാര്യയും നടിയുമായ ബീന ആന്റണി എത്തിയിരുന്നു. രഞ്ജുഷയെ കുറിച്ച് പറഞ്ഞവരെയും സീരിയലിലെ സഹതാരങ്ങളെയുമൊക്കെ കുറ്റക്കാരാക്കുന്ന തരത്തിലാണ് പ്രചരണം ഉണ്ടാവുന്നത്. ഇതില്‍ തന്റെ അഭിപ്രായമെന്താണെന്നാണ് മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘രഞ്ജുഷയുടെ മരണത്തെക്കുറിച്ച് എന്നോട് എന്തെങ്കിലുമൊക്കെ പറയാനാണ് പലരും ആവശ്യപ്പെടുന്നത്. ഈ ലോകത്തുള്ള ജീവിതം മതിയെന്ന് പറഞ്ഞ് പോകുന്നവരെ കുറിച്ച് താനെന്ത് പറയാനാണെന്നാണ് മനോജ് ചോദിക്കുന്നത്. എ പി ഷിബു, സംവിധായകന്‍ ആദിത്യന്‍ എന്നിവരുടെ മരണമൊക്കെ വിധി ആണെന്ന് പറയാം. ശരിക്കുമത് വിധിയുടെ ക്രൂരതയാണ്. അപര്‍ണയും രഞ്ജുഷയുമൊക്കെ സ്വയം ചെയ്തതാണ്.
അപര്‍ണ എന്ന കുട്ടിയുമായി എനിക്കത്ര പരിചയമില്ല. എന്നാല്‍ രഞ്ജുഷയെ അറിയാം. താരോത്സവം എന്ന പരിപാടിയില്‍ എന്റെയും ബീനയുടെയും ടീമിലായിരുന്നു രഞ്ജുഷ ഉണ്ടായിരുന്നത്. അങ്ങനെയാണ് പരിചയപ്പെടുന്നത്. കുറേ കാലം ഈ പരിപാടി ഉണ്ടായിരുന്നു. ഇടയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയില്‍ സലീം കുമാറിന്റെ ഭാര്യയായി അഭിനയിക്കാന്‍ രഞ്ജുഷയ്ക്ക് അവസരം കിട്ടി. അങ്ങനെ അവള്‍ പോയതിന് ശേഷം താരോത്സവത്തിലേക്ക് തിരികെ വന്നില്ല.
രഞ്ജുഷയുടെ പങ്കാളിയായ മനോജ് ശ്രീലകത്തിനെയും അറിയാം. ബീനയും താനും ഒരുമിച്ച് അഭിനയിച്ച സീരിയലിന്റെ സംവിധായകനായിരുന്നു മനോജ്. പിന്നെ ഈ വിഷയത്തില്‍ എന്തെങ്കിലും സംസാരിക്കണമെന്ന് കരുതിയതേ അല്ല. നമ്മള്‍ ചിലതൊക്കെ പറഞ്ഞാല്‍ പലര്‍ക്കും കൊള്ളും. പക്ഷേ യൂട്യൂബ് ചാനലുകള്‍ രഞ്ജുഷയുടെ മരണം വെച്ച് ആറാടുകയാണ്.
യൂട്യൂബ് ചാനലുകള്‍ തന്നെ മെനഞ്ഞ കഥകള്‍ അവര്‍ തന്നെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്റെ ഭാര്യ ബീന ആന്റണി ഇന്‍സ്റ്റാഗ്രാമിലിട്ട ആദാരഞ്ജലികള്‍ കണ്ടിട്ട്, ബീനയ്ക്ക് എന്തൊക്കെയോ പറയാനുണ്ടെന്നും മനോജ് അവരെ വിലക്കിയെന്നുമൊക്കെ വരെ കഥകള്‍ വന്നു. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് അറിയാവുന്ന അത്രയും കാര്യങ്ങളൊന്നും ഈ പറയുന്നവര്‍ക്കൊന്നും അറിയില്ല.
എന്നാലും ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. രഞ്ജുഷയുടെ ചടങ്ങുകള്‍ കഴിഞ്ഞിട്ടും ഈ വിഷയം തീരാതെ പോവുന്നത് കൊണ്ടാണ് മറുപടിയുമായി വന്നതെന്നാണ് മനോജ് പറയുന്നത്. താനും ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് വീഡിയോ ഇട്ടിരുന്നെങ്കില്‍ വരുമാനം ഉണ്ടാക്കാമായിരുന്നു. പക്ഷേ അങ്ങനെയുള്ള വഴിയിലൂടെയൊന്നും പൈസ ഉണ്ടാക്കുന്നത് ഇഷ്ടമല്ലെന്നാണ് മനോജ് പറയുന്നത്.
സെന്‍സേഷന്‍ എന്ന പ്രോഗ്രാമിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ രഞ്ജുഷ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലേക്ക് കടക്കുകയായിരുന്നു. എന്റെ മാതാവ് എന്ന സീരിയലിലെ എല്‍സ ആന്റി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രഞ്ജുഷ. സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, പറയിപെറ്റ പന്തീരുകുലം തുടങ്ങി നിരവധി സീരിയലുകളില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ ഇതിനോടകം രഞ്ജുഷ അവതരിപ്പിച്ചു കഴിഞ്ഞു. സീരിയലുകള്‍ക്ക് പുറമെ കുറച്ച് സിനിമകളിലും രഞ്ജുഷ വേഷമിട്ടിരുന്നു.
ബോംബെ മാര്‍ച്ച്12, സിറ്റി ഓഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട് മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിലാണ് രഞ്ജുഷ എത്തിയിരുന്നത്. സംവിധായകന്‍ മനോജ് ശ്രീകലത്തിനൊപ്പം ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു രഞ്ജുഷ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫല്‍റ്റില്‍ മനോജിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇതേ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് രഞ്ജുഷയുടെ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് ഡിപ്പാട്‌മെന്റിലെ എസ് ഐ ആയിരുന്നു രഞ്ജുഷയുടെ അച്ഛന്‍. അഭിനയത്തിലും ഡാന്‍സിലും എല്ലാം അച്ഛനും അമ്മയും വലിയ സപ്പോര്‍ട്ട് ആണ് എന്ന് രഞ്ജുഷ മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. രഞ്ജുഷ ഏക മകളാണ്. ഇംഗല്‍ഷില്‍ ബിരുദാനന്തരബിരുദം എടുത്ത രഞ്ജുഷ നൃത്തത്തിലും ഡിഗ്രി നേടിയെടുത്തിരുന്നു. ചെറുപ്പം മുതലേ പഠനത്തിലും കലയിലും മിടുക്കി ആയിരുന്നു രഞ്ജുഷ. ആദ്യ വിവാഹത്തില്‍ ഉണ്ടായ താളപ്പിഴകള്‍ കാരണം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.