എന്റെ കീഴില്‍ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്, ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം എന്റെ മരണശേഷം അതെല്ലാം പുറത്തുവരും; അപ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസിലാകുമെന്ന് ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.

നടന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം ബാലയെ വാര്‍ത്തകളില്‍ നിറച്ച സംഭവങ്ങളാണ്. അടുത്തിടെ കരള്‍ രോഗത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലേക്ക് പോയതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ രോഗത്തെ തോല്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടന്‍. ബാല ആശുപത്രിയില്‍ ആണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് നടനുവേണ്ടി പ്രാര്‍ത്ഥനകളുമായി എത്തിയത്.

പ്രാര്‍ത്ഥനയെക്കെല്ലാം ഉത്തരം ലഭിച്ചു എന്നത് പോലെ വളരെ പെട്ടെന്ന് തന്നെ രോഗത്തെ അതിജീവിക്കാനും ബാലയ്ക്ക് കഴിഞ്ഞു. മറ്റുള്ളവര്‍ക്കായി ചെയ്യുന്ന സഹായങ്ങളൊക്കെ കാരണമാണ് ബാല ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എന്നായിരുന്നു അന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടത്. അത്രയധികം പേര്‍ക്കാണ് ബാല സഹായങ്ങള്‍ ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ തന്റെ പേജിലൂടെ ഏറ്റവും കൂടുതല്‍ പങ്കുവെയ്ക്കുന്നത് താന്‍ ചെയ്യുന്ന സഹായങ്ങളെ കുറിച്ചുള്ള വീഡിയോകളാണ്.

പബ്ലിസിറ്റി എന്നതിനപ്പുറം താന്‍ ചെയ്യുന്നത് കണ്ട് മറ്റുള്ളവര്‍ക്കും ചെയ്യാന്‍ പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം പങ്കുവെയ്ക്കുന്നത് എന്നാണ് ബാല പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളൊന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് ബാല. കഴിഞ്ഞ ദിവസം ഒരു കോളേജില്‍ സംസാരിക്കവെയാണ് ബാല ഇക്കാര്യം പറഞ്ഞത്. പതിനേഴാം വയസ്സ് മുതല്‍ താന്‍ ചാരിറ്റി ചെയ്യുന്നുണ്ടെന്നും നടന്‍ വ്യക്തമാക്കി. ഇത്രയധികം ചാരിറ്റി ചെയ്യാനുള്ള താങ്കളുടെ ഇന്‍സ്പിരേഷന്‍ എന്താണ് ആരാണ് താങ്കളുടെ റോള്‍ മോഡല്‍ എന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബാല.

‘ഞാന്‍ ചെറുതായിരുന്നപ്പോള്‍ എന്റെ സഹോദരിക്ക് ഒപ്പം ദീപാവലിക്ക് സ്വീറ്റ്‌സ് കൊടുക്കാനായി ഒരു ആശ്രമത്തില്‍ പോയിരുന്നു. അങ്ങനെ അവിടെ എല്ലാവര്‍ക്കും സ്വീറ്റ്‌സ് നല്‍കികൊണ്ടിരിക്കെ ഒരു അമ്മുമ്മ എന്റെ കയ്യില്‍ പിടിച്ചു. എന്നിട്ട് തമിഴില്‍ പറഞ്ഞു, ‘തമ്പി നീ എന്നെ വിട്ടിട്ടു പോകാതെടാ, വിട്ടിട്ടു പോകാതെടാ’ എന്ന്. ആദ്യം എനിക്കെന്താണ് അവര്‍ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. അവര്‍ എന്നെ മകനായി കണ്ടു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്,’

‘പിന്നീട് എന്റെ പതിനേഴാം വയസ്സ് മുതല്‍ ഞാന്‍ ചാരിറ്റി ചെയ്യുന്നുണ്ട്. എന്റെ കീഴില്‍ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോള്‍ തുറന്നു പറയാന്‍ ആയിട്ടില്ല. പക്ഷെ അതെല്ലാം പുറത്തുവരും. ഞാന്‍ ജീവനോടെ ഇരിക്കുമ്പോഴല്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും. അപ്പോള്‍ മനസിലാകും’, ബാല പറഞ്ഞു.

അതേസമയം ഷഫീഖിന്റെ സന്തോഷമാണ് ബാല അവസാനം അഭിനയിച്ച സിനിമ. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പുറത്തിറങ്ങിയത്. അധികം വൈകാതെ തന്നെ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ബാല അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും സംവിധാനത്തിലേക്ക് അടക്കം കടക്കാനുള്ള പ്ലാനിലാണ് ബാല. അതിന്റെ തയ്യാറെടുപ്പുകളും നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ചാനല്‍ ചര്‍ച്ചയക്കിടെ തന്നെ കളിയാക്കി ചിരിച്ച സംവിധായകന്‍ എംഎ നിഷാദ് മാപ്പ് പറയണമെന്ന് നടന്‍ ബാല. എംഎ നിഷാദ് വളരെ അടുപ്പമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല പെരുമാറ്റം ആയിരുന്നു. എങ്കിലും ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ പറയുന്നത് മനസിലാക്കാതെ ആദ്യം മുതല്‍ തന്നെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നത് എന്തിനാണെന്ന് മനസ്സിലായില്ല എന്നാണ് ബാല പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല സംസാരിച്ചത്.

ചാനല്‍ ചര്‍ച്ചയില്‍ എം.എ നിഷാദ് എന്നെ കളിയാക്കി ചിരിച്ചു. അതിന് അദ്ദേഹം എന്നോട് മാപ്പ് പറയണം. എന്നെ വിളിച്ചു പറഞ്ഞാല്‍ മതി. ചാനലില്‍ ഒന്നും പറയണ്ട. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്താണ്. എം.എ നിഷാദ് അങ്ങനെ ചിരിച്ച കാര്യം അപ്പോള്‍ ഞാന്‍ അറിഞ്ഞില്ല. അശ്വന്ത് കോക്കും ചിരിച്ചു. ഞാന്‍ വിഷ്വല്‍ ഒന്നും കാണുന്നില്ലല്ലോ. അപ്പോള്‍ ഞാന്‍ ഇതൊന്നും കണ്ടില്ല, കണ്ടിരുന്നെങ്കില്‍ ഞാന്‍ അപ്പോള്‍ ചോദിച്ചേനെ. ഇപ്പോഴാണ് ഞാന്‍ കണ്ടത് എന്നും നടന്‍ പറയുന്നു.

Vijayasree Vijayasree :