തിലകൻ ചേട്ടൻ, മുരളിച്ചേട്ടൻ എന്നിവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്; മനോജ് കെ ജയൻ

മലയാളികൾക്കേറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയൻ. അദ്ദേഹത്തിന്റെ കുടുംബം മലയാളികൾക്കെന്നും പ്രിയപ്പെട്ടതാണ്. താരകുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ മനോഹരമായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ.

എം.ടി.സാറായിരുന്നു പെരുന്തച്ചനിലേക്ക് എന്നെ നിർദേശിച്ചത്. പഴശ്ശിരാജയുടെ ചിത്രീകരണ കാലത്താണ് ആ രഹസ്യം ഞാൻ തിരിച്ചറിഞ്ഞത്. സിനിമയിലെ എന്റെ ഗുരുനാഥൻ ഹരിഹരൻ സാറായിരുന്നു. പക്ഷേ, എനിക്ക് സിനിമയിൽ വഴികാട്ടാൻ ആരും ഉണ്ടായിരുന്നില്ല. എനിക്ക് തോന്നിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.

അതിൽ നല്ല കുറെ ചിത്രങ്ങൾ കിട്ടി. തിലകൻ ചേട്ടൻ, മുരളിച്ചേട്ടൻ എന്നിവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. കുറെക്കാലം നായകൻ കളിച്ച് പിന്നീട് അതിൽനിന്ന് മാറി പ്രതിനായക വേഷമണിയേണ്ടിവന്നപ്പോഴും ഞാൻ ദുഃഖിച്ചില്ല. കാരണം ആ സ്ഥാനം ഞാൻ ഒരിക്കലും ആഗ്രഹിക്കുകയോ ആഘോഷിക്കുകയോ ചെയ്തിട്ടില്ല.

കരിയറിലെ ഇന്നത്തെ അവസ്ഥയിൽ ഞാൻ ഹാപ്പിയാണ്. ഞാനൊരു വലിയ നടനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ടാലന്റിൽ എനിക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ പെരുന്തച്ചൻ, സർഗം, വളയം, പരിണയം, അനന്തഭദ്രം, പഴശ്ശിരാജ, അർദ്ധനാരി, കളിയച്ഛൻ എന്നീ വ്യത്യസ്ത ചിത്രങ്ങളും കഥാപാത്രങ്ങളും ഉണ്ട്.

‘സീനിയേഴ്‌സ്’ മുതൽ കോമഡി ക്യാരക്ടറുകളും ചെയ്തു. പുതുമയാർന്ന കഥാപാത്രങ്ങൾ വരുമ്പോൾ സിനിമാലോകം എന്റെ മുഖം ഓർക്കുന്നതുതന്നെ വലിയ കാര്യം എന്നും മനോജ് കെ. ജയൻ പറയുന്നു. ഏത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടൻ. മലയാളത്തിലെ മുൻനിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളിൽ മനോജ് കെ ജയൻ അഭിനയിച്ചിട്ടുണ്ട്.

സർഗത്തിലെ കുട്ടൻ തമ്പുരാൻ, അനന്തഭദ്രത്തിലെ ദിഗംബരൻ, സല്ലാപത്തിലെ ദിവാകരൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസിൽ ഇന്നുമുണ്ട്. പഴശ്ശിരാജയിലെ തലയ്ക്കൽ ചന്തുവും താരത്തിന്റെതായി ഏറെ തരംഗമായ കഥാപാത്രമാണ്. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടർ റോളുകളിലാണ് മനോജ് കെ ജയൻ കരിയറിൽ കൂടുതൽ തിളങ്ങിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും എത്തിയിരുന്നു താരം.

Vijayasree Vijayasree :