മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. എന്നാൽ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ എന്തുകൊണ്ടാണ് തമിഴിലേയ്ക്ക് വരാൻ ഇത്രയും വൈകിയതെന്ന് പറയുകയാണ് നടി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസായ രജനാകാന്ത് ചിത്രം വേട്ടയാൻ സർപ്രൈസ് ആയിരുന്നുവെന്നും താരം പറഞ്ഞു.
സംവിധായകരുമായി പല സമയത്തും ചർച്ച നടന്നിരുന്നുവെങ്കിലും അതൊന്നും വർക്കായില്ല. ഒടുവിലാണ് അസുരൻ സംഭവിക്കുന്നത്. അങ്ങനെയൊരു പടം സംഭവിക്കുമെന്ന് ആലോചിച്ച് പോലുമില്ല. വേട്ടയ്യനിലേയ്ക്ക് കോൾ വന്നപ്പോൾ ശരിക്കും അത്ഭുതമായിരുന്നു. ജ്ഞാനവേൽ സാർ ആണ് ആദ്യം വിളിച്ചത്. അപ്പോൾ തന്നെ ഒകെ പറഞ്ഞു. പിന്നീടാണ് ഞാൻ അറിഞ്ഞത് രജനി സാർ ആണെന്ന്.
വലിയ സർപ്രൈസ് ആയിരുന്നു. ജ്ഞാനവേൽ സാറിന്റെ പടം എന്നത് തന്നെ എന്നെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് രജനി സാറിനെ കുറിച്ച് അദ്ദേഹം പറയുന്നത്. അപ്പോൾ ഞാൻ ചോദിച്ചത് എന്താണ് സാർ താങ്കൾ പറയുന്നതെന്നാണ്. ഇതൊക്കെ കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.
ഒട്ടും നെഗറ്റീവ് ഇല്ലാത്ത താരം ആണല്ലേയെന്ന ചോദ്യത്തിന് എന്നെ നിങ്ങൾക്ക് ശരിക്കും അറിയില്ലെന്ന് ആണ് ചിരിച്ചുകൊണ്ട് മഞ്ജു മറുപടി നൽകിയത്. നെഗറ്റീവ് പറയുന്നവർ ഉണ്ടാകും. നെഗറ്റീവ് ഇല്ലെന്ന് പറഞ്ഞാൽ അത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാകും. എല്ലാ വിഷയത്തിലും നെഗറ്റീവും പോസിറ്റീവും പറയുന്നവർ ഉണ്ടാകും. അതെല്ലാം ശീലമായി.
എന്നെ സംബന്ധിച്ച് തനിച്ചായിരിക്കുമ്പോൾ ഒന്നും ചെയ്യാതെ ഇരുന്നാലൊക്കെ ഞാൻ സന്തോഷവതി തന്നെയാണ്. എനിക്കാണ് എന്നെ സന്തോഷവതിയാക്കാൻ സാധിക്കുന്നത്. സന്തോഷം ഉണ്ടാകാൻ എന്തെങ്കിലും ലഭിക്കണമെന്നൊന്നും ഞാൻ കരുതുന്നില്ല. ഒന്നും ഇല്ലാതിരുന്നാലും സന്തോഷത്തോടെ ഇരിക്കണമെന്നാണ് ഞാൻ കരുതുന്നത്.
ആരെയെങ്കിലും അടിക്കണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ‘ദേഷ്യം വന്നാൽ അത് പോലെ സംസാരിക്കും. സാധാരണ മനുഷ്യരെ പോലെ തന്നെയാണ് ഞാനും, ചിലർ കളവ് പറഞ്ഞാൽ എന്തിനാണ് കളവ് പറയുന്നത്, സത്യം പറയാമായിരുന്നില്ലേ എന്ന് തോന്നും.
ആരെങ്കിലും സംസാരിച്ച് കൊന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് തീർച്ചയായും ജീവിതത്തിൽ അത്തരം അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. പല മനുഷ്യരോട് സംസാരിക്കുന്നതല്ലേ, എല്ലാവരും പലവിധത്തിലായിരിക്കുമല്ലോ. അവർ അവരുടെ ഇഷ്ടത്തിനായിരിക്കും സംസാരിക്കുക. ഇപ്പോഴത്തെ കുട്ടികൾക്ക് ശരിയും തെറ്റുമൊന്നും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ശരിയും തെറ്റും അവർക്ക് കൃത്യമായി അറിയാം.
അതുകൊണ്ട് കുട്ടികൾക്ക് ഉപദേശം കൊടുക്കാനൊന്നും ഞാനില്ല. ശരിക്കും അവരിൽ നിന്നൊക്കെ ഞാനാണ് പ്രചോദനം ഉൾക്കൊള്ളുന്നത്, പഠിക്കുന്നത്. അതുമാത്രമല്ല ഉപദേശമൊന്നും കേൾക്കുന്നത് ആർക്കും ഇഷ്ടവുമല്ല എന്നും മഞ്ജു പറഞ്ഞു. മാത്രമല്ല, എന്ത് സൂപ്പർ പവറാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് എനിക്ക് വേണ്ടപ്പോഴൊക്കെ അപ്രത്യക്ഷമായിരിക്കാൻ കഴിയുകയെന്നതാണെന്ന് താരം പറഞ്ഞു.
ജീവിതത്തിൽ ഡാൻസ് എന്നെ സംബന്ധിച്ച് പ്രധാനമാണ്. 4 വയസ് മുതൽ ഞാൻ ഡാൻസ് പഠിച്ച് തുടങ്ങിയിരുന്നു. ജീവിതത്തിൽ ഒരു ഇടയ്ക്ക് ഡാൻസിൽ ഇടവേള സംഭവിച്ചു. പിന്നെ വീണ്ടും തുടങ്ങി. ഇപ്പോൾ സിനിമയിലാണ് ഞാൻ കൂടുതലായി ഡാൻസ് ചെയ്യുന്നത്. ക്ലാസിക്കൽ ഡാൻസ് ഇപ്പോൾ ചെയ്യുന്നത് വളരെ കുറവാണ് എന്നും മഞ്ജു വാര്യർ അഭിമുഖത്തിൽ പറഞ്ഞു.