മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
മുൻ ഭർത്താവ് ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഈ തിരിച്ചുവരവ് സംഭവിച്ചത്. എന്നാൽ, തന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തെ കുറിച്ചും, ഈ കലായളവിനിടയ്‌ക്ക് മഞ്ജു വാര്യർ സംസാരിച്ചിട്ടില്ല. തന്റെ സ്വകാര്യതയ്ക്ക് നടി വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. മുമ്പ്, ഒരു പരിപാടിയിൽ ദിലീപുമായുള്ള വിവാഹമോചനത്തിന്റെ കാരണം എന്തെന്ന് ചോദിച്ചപ്പോൾ, എല്ലാവർക്കും വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലത്? എന്നാണ് നടി ചോദിച്ചത്.
പിന്നീട്, കുറച്ചു കാലം മുൻപ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, സീനിയർ ജേർണലിസ്റ്റ് ഭരദ്വാജ് രംഗനുമായി സംസാരിക്കുമ്പോൾ, മഞ്ജു വാര്യർ തനിക്ക് സ്വകാര്യതയോടുള്ള താത്പര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. “മഞ്ജുവിനെ ഒരിക്കലും “വാട്ട് ഈസ് ഇൻ മൈ ബാഗ്” പോലത്തെ പരിപാടികളിൽ കാണാനാവില്ലല്ലോ” എന്ന ചോദ്യത്തിന്, ചിരിച്ചു കൊണ്ട് താൻ അത്തരത്തിലുള്ള ഒരു വ്യക്തിയല്ല, തനിക്ക് ഒരു ഹാൻഡ്ബാഗ് പോലും ഇല്ല, എന്നാണ് മഞ്ജു വാര്യർ പറഞ്ഞിരുന്നത്.
വ്യക്തിപരമായ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ മഞ്ജു വാര്യർക്കുള്ള വിമുഖതയെ കുറിച്ച് ചോദിച്ചപ്പോൾ, ഉള്ളിലുള്ളതൊന്നും തുറന്നു പ്രകടിപ്പിക്കാൻ തനിക്ക് കഴിയാറില്ല എന്നാണ് താരം പറഞ്ഞത്. അത് ഇഷ്ടമാണോ എന്നതല്ല കാര്യം, എന്റെ പ്രകൃതം അങ്ങനെയല്ല. എനിക്ക് തുറന്നു പറച്ചിലുകൾ ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഒരു പക്ഷെ, എനിക്ക് എന്റെ ഉള്ളിലുള്ളതൊന്നും എങ്ങനെ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കണം എന്ന് അറിയാത്തതാവാം.
ഇപ്പോഴും കുറച്ചു തുറന്നു സംസാരിച്ചു കഴിഞ്ഞാൽ, ഇത് ഞാൻ ഇങ്ങനെ അല്ലല്ലോ പറയേണ്ടിയിരുന്നത് എന്നോ, അല്ലെങ്കിൽ, ഇത് മറ്റൊരു രീതിയിൽ ആയിരുന്നല്ലോ പറയേണ്ടിയിരുന്നത്, എന്നൊക്കെയാണ് എനിക്ക് തോന്നാറ്. പറഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അങ്ങനെയൊക്ക തോന്നാറുണ്ട്, മഞ്ജു വിശദീകരിച്ചു. ഒരിക്കൽ നല്ലൊരു സംഭാഷണം തുടങ്ങിയാൽ, കുഴപ്പമില്ല. പക്ഷെ അതും എങ്ങനെ പറയണം എന്ന് എനിക്കറിയില്ല. ഇത് തന്നെയാണ് കാരണം – എനിക്ക് എന്റെ ഉള്ളിലുള്ളതൊന്നും തുറന്നു പ്രകടിപ്പിക്കാൻ അറിയില്ല എന്നായിരുന്നു നടിയുടെ മറുപടി.
രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കാലത്തിലാകമായി മാറിയ മഞ്ജു വാര്യർ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളർച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് സാധിച്ചു. മൂന്ന് വർഷക്കാലം മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.
പതിനാല് വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവിൽ ഒന്നോ രണ്ടോ സിനിമകളിൽ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാൽ അത് മഞ്ജുവാര്യരുടെ കാര്യത്തിൽ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുൻനിരയിൽ തന്നെ നിറഞ്ഞ് നിൽക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.
അടുത്തിടെ, മഞ്ജുവിന് സംഭവിച്ച വലയൊരു നഷ്ടത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു 1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്‌സ്. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ അണിനിരന്ന ചിത്രത്തിലെ രംഗങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും. സിദ്ദിഖ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒരു അഭിമുഖത്തിൽ, ചിത്രത്തിന്റെ നായകനിലും നായികയിലും സംഭവിച്ച വലിയ മാറ്റത്തെ കുറിച്ചാണ് സിദ്ദിഖ് പറയുന്നത്.
ജയറാം അവതരിപ്പിച്ച അരവിന്ദൻ എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് നടൻ സുരേഷ് ഗോപിയെ ആയിരുന്നു. നടൻ പിൻമാറിയതോടെയാണ് ജയറാമിലേക്ക് സിനിമ എത്തുന്നത്. മീന ആയിരുന്നു ചിത്രത്തിലെ നായിക. മീനയ്ക്ക് പകരം ആദ്യം സിനിമയിൽ തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.
‘എപ്പോഴും നമുക്ക് പ്രശ്‌നം വന്നിരിക്കുന്നത് നായികയെ കാസ്റ്റ് ചെയ്യുമ്പോഴാണ്. എന്റെ ആദ്യ സിനിമ മുതൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് ഹീറോയിൻസ് സെറ്റാവില്ല. സുരേഷ് ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നവരെ വെച്ച് കഥ ആലോചിക്കുമ്പോൾ മീനയുടെ കഥാപാത്രത്തിന് പകരം അന്ന് നമ്മൾ ആലോചിച്ചത് മഞ്ജു വാര്യരെ ആണ്. ഇപ്പുറത്ത് മുകേഷിന്റെ പെയർ ആയിട്ട് ദിവ്യ ഉണ്ണിയും. ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം കഴിക്കുകയും അഭിനയത്തിൽ നിന്ന് മാറുകയും ചെയ്തത്.
‘പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. നായിക മാറുക, ഹീറോ മാറുക തുടങ്ങിയത് പല സിനിമകളിലും സംഭവിക്കുന്നുണ്ട്. ഫലത്തിൽ അവസാനം വരുമ്പോൾ ഇതായിരുന്നില്ലേ ശരി എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കറക്ട് ആയാണ് വരുന്നത്. അത് ചിലപ്പോൾ വിധി അങ്ങനെ ആയിരിക്കാം. ഇവരാവാനാണ് വിധി. എത്രമാത്രം കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ എന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.
അന്തരിച്ച പിതാവിനെക്കുറിച്ച് വികാരഭരിതയായി മുമ്പൊരിക്കൽ മഞ്ജു വാര്യർ സംസാരിച്ചിട്ടുമുണ്ട്. ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തെ ഏറ്റവും കൂടുതൽ എതിർത്തത് നടിയുടെ മാതാപിതാക്കളായികുന്നു. ഇതേ കുറിച്ച് സംവിധായകൻ സിബി മലയിൽ സംസാരിച്ചിട്ടുണ്ട്. പ്രണയവർണങ്ങൾ എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് സിബി മലയിൽ മഞ്ജുവിനെക്കുറിച്ച് പരാമർശിച്ചത്. ലൊക്കേഷനിൽ ആകെ മൊബൈൽ ഫോൺ ഉണ്ടായിരുന്നത് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രഞ്ജിത്തിന്റെ കൈയിലാണ്. രഞ്ജിത്ത് ഇടയ്ക്കിടെ ഫോൺ മഞ്ജുവിന്റെ കൈയിൽ കൊടുക്കുന്നത് ഞാൻ കാണുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്.
മഞ്ജുവിനെ ദിലീപ് വിളിക്കുമ്പോൾ രഞ്ജിത്ത് ഫോൺ കൊണ്ട് കൊടുക്കുന്നതാണ്. അവർ തമ്മിലുള്ള പ്രണയം മുന്നോട്ട് പോകുന്ന ഘട്ടമാണത്. ഫോൺ രഞ്ജിത്തിന്റെ കൈയിൽ മാത്രമായതിനാൽ രഞ്ജിത്ത് ആയിരുന്നു അവരുടെ കണക്ടിംഗ് ലിങ്ക്. ആ സമയത്തൊക്കെ മഞ്ജുവിന്റെ അമ്മ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. കരിയറിന്റെ ഈ ഘട്ടത്തിൽ നിൽക്കുമ്പോഴുള്ള ആശങ്ക. സാറൊന്ന് പറയണമെന്ന് എന്നോടവർ പറഞ്ഞിരുന്നു.
അത് വളരെ പേഴ്‌സണലായ വിഷയമാണ്. അതിൽ നമുക്കൊന്നും പറയാനില്ല. അതിനകത്ത് ഞാൻ ഇടപെടാൻ പാടില്ലെന്നാണ് അന്ന് താൻ പറഞ്ഞതെന്നും സിബി മലയിൽ വ്യക്തമാക്കി. ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു വാര്യർ കരിയർ വിട്ടതിന്റെ നിരാശവും അന്ന് സിബി മലയിൽ തുറന്ന് പറഞ്ഞു. പീക്കിൽ നിൽക്കുന്ന ആ കാലഘട്ടത്തിൽ തന്നെ മഞ്ജു സിനിമയിൽ തുടരണം, വലിയ ഉയരങ്ങളിലേക്ക് എത്തണം എന്നൊക്കെ എല്ലാ മലയാളികളെയും പോലെയും സഹപ്രവർത്തകരെ പോലയും ഞാനും ആഗ്രഹിച്ചതാണെന്നു സിബി മലയിൽ വ്യക്തമാക്കി.
സിബി മലയിലിന്റെ ഉസ്താദ് ഉൾപ്പെടെയുള്ള സിനിമകളിൽ നിന്നും മഞ്ജു വാര്യർ പിന്മാറാൻ കാരണം വിവാഹമായിരുന്നു. ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തിൽ നടിയുടെ അച്ഛന് കടുത്ത എതിർപ്പുണ്ടായിരുന്നെന്ന് സംവിധായകൻ ലാൽ ജോസും നേരത്തെ പറഞ്ഞിട്ടുണ്ട്. മറവത്തൂർ കനവ് എന്ന തന്റെ സിനിമയിൽ മഞ്ജു അഭിനയിക്കാത്തതിന് കാരണം അച്ഛൻ വിലക്കിയതാണ്. ദിലീപും താനുമായുള്ള സൗഹൃദമാണ് അതിന് കാരണമായതെന്നും ലാൽ ജോസും മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
കരിയറിലെ ഏറ്റവും മികച്ച സമയത്താണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നതും സിനിമാ രംഗം വിടുന്നതും. സംവിധായകരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് ആരാധകരിപ്പോൾ. ദിലീപുമായുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തപ്പോൾ മഞ്ജു അത് അനുസരിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ദിലീപുമായുള്ള വിവാഹത്തോടെ മകളുടെ കലാ ജീവിതം അവസാനിക്കുമെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു.
അവർ അന്ന് ആശങ്കപ്പെട്ടതിൽ കാര്യമുണ്ടെന്ന് പിന്നീട് കാലം തെളിയിച്ചെന്നും ആരാധകർ ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ദിലീപിനെ മഞ്ജു വിവാഹം ചെയ്യുന്നത്. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് പൂർണശ്രദ്ധ നൽകിയെങ്കിലും നടിയെ നിരാശപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീടുണ്ടായത്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമറിഞ്ഞ മഞ്ജു വിവാഹമോചനം നേടിയെന്നാണ് സിനിമാ ലോകത്തുള്ള പലരും പറയുന്നത്. അതിൽ തകർന്ന് പോയ മഞ്ജുവിനെ ചേർത്ത് പിടിച്ചത് അച്ഛനും അമ്മയുമാണ്. ഇന്ന് ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലാണ് മഞ്ജു.
പ്രായം 47 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസിൽ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് മഞ്ജു വാര്യർ. 1978 സെപ്റ്റംബർ 10 ന് മാധവൻ വാര്യർ – ഗിരിജ ദമ്പതികളുടെ മകളായി കന്യാകുമാരിയിലാണ് മഞ്ജുവിന്റെ ജനനം. രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്. സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പൊതുവിൽ രണ്ടാം വരവിൽ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് ചുറുചുറുക്കോടെ മഞ്ജുവാര്യർ കടന്നു വന്നത്. ഒരേസമയം ഉദാഹരണം സുജാതയിൽ പത്താംക്ലാസുകാരിയുടെ അമ്മയാവുകയും, ലൂസിഫറിൽ കൗമാരക്കാരിയുടെ അമ്മയാവുകയും അതിനൊപ്പം തന്നെ ജോ ആന്റ് ദ ബോയിലെ തീപ്പൊരി പെൺകുട്ടിയാവുകയും ചെയ്ത മഞ്ജു തകർത്തത് മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെയാണ്.