‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും’; ബ്രഹ്മപുരം വിഷയത്തില്‍ മഞ്ജു വാര്യര്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്.

വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വളരെ വര്‍ഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് തിരികെ വന്നത്. മറ്റുള്ള നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. ബാക്ക് വിത്ത് എ ബാങ് എന്ന ടേം മഞ്ജുവിന്റെ കാര്യത്തില്‍ നന്നായി ചേരും. രണ്ടാം വരവില്‍ ഉയര്‍ച്ചയല്ലാതെ മഞ്ജുവിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നിട്ടില്ല. ഇപ്പോള്‍ തമിഴില്‍ അടക്കം തിരക്കുള്ള നായികയായി മഞ്ജു മാറി കൊണ്ടിരിക്കുകയാണ്.

മാത്രമല്ല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കുറച്ച് ദിവസങ്ങളായി കൊച്ചി നിവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് പറയുകയാണ് മഞ്ജു വാര്യര്‍.

‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരും!’, എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്.

അതേസമയം, ഈ വിഷയത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ പ്രതികരിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. ബ്രഹ്മപുരത്തെ തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രമേഷ് പിഷാരടിയും രംഗത്തെത്തിയിരുന്നു. ‘പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് അഥവാ ‘പൊ ക’ബ്രഹ്മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവന്‍ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട് .

എന്നാല്‍ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, റിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോടാണ്’, എന്നും പോസ്റ്റില്‍ പറഞ്ഞു. നിരവധി സിനിമാ താരങ്ങള്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു’ എന്നായിരുന്നു ഉണ്ണിയുടെ കുറിപ്പ്.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പൃഥ്വിരാജ് കുറിച്ചു. നടന്‍ വിജയ് ബാബു, സംവിധായകന്‍ ഷാംദത്ത് എന്നിവരും വിഷയത്തില്‍ പ്രതികരിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം കളക്ടര്‍ അറിയിച്ചു. ഇതുവരെ 90 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.

മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റര്‍/ മണ്ണുമാന്തികള്‍ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.

ശനിയാഴ്ചത്തെ കണക്ക് പ്രകാരം രാപ്പകല്‍ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തില്‍ നിലവില്‍ 170 അഗ്‌നിശമന സേനാംഗങ്ങളും, 32 എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 30 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാര്‍ഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയര്‍ യൂണിറ്റുകളും, 32 എസ്‌കവേറ്റര്‍ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷര്‍ പമ്പുകളുമാണ് നിലവില്‍ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.

Vijayasree Vijayasree :