മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഏത് തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നിൽ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.
രണ്ടാം വരവിലും നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു കഴിഞ്ഞു. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്. തന്റെ സ്വപ്നങ്ങളും നടക്കാതെ പോയ ആഗ്രഹങ്ങളുമൊക്കെ നേടിയെടുക്കുന്ന തിരക്കിലും സന്തോഷത്തിലുമാണ് നടി.
എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ മികച്ച സ്വീകാര്യത ലഭിച്ചുവെങ്കിലും അങ്ങനെ എന്തെങ്കിലും പ്രതീക്ഷിച്ച് താൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് താരം പറയുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രമായ ഫൂട്ടേജിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇതേ കുറിച്ച് പറഞ്ഞത്.
കിട്ടുന്നതിനെയെല്ലാം ബോണസായിട്ടാണ് കണക്കാക്കുന്നത്. അല്ലെങ്കിൽ അനുഗ്രഹം ആയിട്ട് അതിനെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ്. എന്നെ സ്നേഹിക്കുന്നവർ പറയുന്ന ഒരോ വാക്കും ഞാൻ ഉള്ളിലങ്ങനെ വെയ്ക്കും. അതിൽ നിന്നാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം ഞാൻ കണ്ടെത്തുന്നത്. ബൈക്ക് ഓടിക്കണം എന്നുള്ളത് പണ്ട് മുതൽ തന്നേയുള്ള എന്റെ ആഗ്രഹമാണ്. ആരും എന്നോട് അതേക്കുറിച്ച് ചോദിക്കാത്തതിനാൽ ഞാൻ പറഞ്ഞില്ലെന്നേയുള്ളു.
ഏതൊക്കെയോ സിനിമകൾ കണ്ടാണ് ആ മോഹം മനസ്സിനുള്ളിലേക്ക് വന്നത്. എന്നാലും രണ്ട് വർഷം മുമ്പാണ് ബൈക്ക് ഓടിക്കാൻ പഠിച്ച് തുടങ്ങുന്നത്. ബൈക്ക് ഓടിച്ച് യാത്ര പോകുന്നുണ്ടെങ്കിലും അത് ആസ്വദിച്ച് ചെയ്യാനുള്ള പരിചയമൊന്നും ആയിട്ടില്ല. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. തമിഴിൽ നേരത്തേയും ചില സിനിമകളുടെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ നടന്നത് ഇപ്പോൾ നടന്നത്. മൂന്ന് സിനിമകൾ അടുപ്പിച്ച് തമിഴിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്.