മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് മഞ്ജു വാര്യർ ഇന്ന്. മഞ്ജു വാര്യരുടെ ലുക്കിൽ വന്ന മാറ്റങ്ങൾ ആരാധകർ ശ്രദ്ധിക്കുന്നുണ്ട്. എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരുന്നത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.
എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.
അടുത്ത കാലത്തായി മിക്ക ഇവന്റുകൾക്കെത്തുമ്പോഴും മഞ്ജു വാര്യർ തന്റെ ലുക്കിൽ ശ്രദ്ധ നൽകാറുണ്ട്. ഇതിന് പിന്നിൽ സ്റ്റെെലിസ്റ്റ്, മേക്കപ്പ്മാൻ. ഹെയർസ്റ്റെെലിസ്റ്റ് തുടങ്ങിയവരുടെ പ്രയത്നവുമുണ്ട്. സ്റ്റെെലിസ്റ്റ് ലിജി പ്രേമന്റെ സ്റ്റെെലിംഗിലാണ് മഞ്ജു വാര്യർ ഇന്ന് കൂടുതലായും പുറത്തിറങ്ങാറുള്ളത്. എമ്പുരാൻ, വേട്ടയാൻ തുടങ്ങിയ സിനിമകളുടെ ഇവന്റിനും മിക്ക പൊതുപാരിപാടികൾക്കും മഞ്ജു വാര്യരെ ഒരുക്കിയത് ലിജി പ്രേമനും മേക്കപ്പ് ആർട്ടിസ്റ്റ് അടങ്ങുന്ന ടീമുമാണ്.
മഞ്ജു വാര്യർക്ക് അനുയോജ്യമായ സ്റ്റെെലിംഗാണ് ഇപ്പോഴത്തേതെന്ന് അഭിപ്രായമുണ്ട്. സിംപിൾ ലുക്കിൽ വ്യത്യസ്തത കൊണ്ട് വരാൻ ലിജി പ്രേമന് കഴിയുന്നു. അടുത്ത കാലത്താണ് മഞ്ജു വാര്യർ ഇവന്റുകളിൽ സ്റ്റെെലിഷായി എത്തുന്നതിൽ ശ്രദ്ധ നൽകിയത്. സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന കാലത്ത് ഇതിലൊന്നും വലിയ താൽപര്യം മഞ്ജു വാര്യർ കാണിച്ചിരുന്നില്ല.
എന്നാൽ ഇന്ന് താരം ഫാഷൻ ലോകത്ത് തന്നെ ചർച്ചയാകുകയാണ്. ഈ പ്രായത്തിലും തന്റെ ഫിറ്റ്നെസും യുവത്വവും നടി കാത്ത് സൂക്ഷിക്കുന്നുണ്ട്. ഈ പ്രായത്തിലും മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് പലരും ചോദിക്കാറുണ്ട്. തന്റെ ഇരുപതുകളിൽ പോലും മഞ്ജു ഇത്ര സുന്ദരിയായിരുന്നില്ലെന്നാണ് ആരാധകർ പറയുന്നു. ഇതേക്കുറിച്ച് ചോദിക്കുമ്പോഴേല്ലാം പുഞ്ചിരി മാത്രമാണ് താരത്തിന്റെ മറുപടി. മനസിന്റെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും സൗന്ദര്യത്തിനല്ലെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഉത്തരം ഒഴിഞ്ഞ് മാറൽ മാത്രമാണെന്നാണ് പലരും പറയാറുള്ളത്.
മഞ്ജു സർജറി ചെയ്തുവെന്നും ഇതിനായി ലക്ഷങ്ങളാണ് മുടക്കിയതെന്നും വിദേശത്ത് പോയി സർജറി ചെയ്തുവെന്നുമെല്ലാമാണ് നടിയെ കുറിച്ച് പലരും പറയാറുള്ളത്. എന്നാൽ ഇതേക്കുറിച്ച് ഏസ്തെറ്റിക് ഫിസിഷ്യൻ ഡോ. ഫാത്തിമ നിലുഫർ ഷെരിഫ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് ഫാത്തിമ നിലുഫർ ഷെരിഫ് പറഞ്ഞത്. മഞ്ജു വാര്യർ സർജറി ചെയ്തതാണോ എന്ന് പലരും ചോദിക്കും. എന്നാൽ അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷൻ സപ്ലിമെന്റ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലൈഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ ഒരു റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂ. സ്കിൻ സ്റ്റേബിൾ ആയെന്നും ഏസ്തെറ്റിക് ഫിസിഷ്യൻ പറയുന്നു.
എർസി പോഡ്കാസ്റ്റുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. മഞ്ജു വാര്യർ കോസ്മെറ്റിക് സർജറി ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ നിരവധി തവണ വാദം വന്നിട്ടുണ്ട്. പഴയ മഞ്ജുവിൽ നിന്നും വലിയ മാറ്റം ഇന്ന് താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കരിയറിൽ ഇന്നും താരമൂല്യം നിലനിൽക്കുന്നതിന് മഞ്ജു വാര്യർ തന്റേതായ പ്രയത്നം നടത്തുന്നുണ്ട്. സ്കിൻ കെയറിനും ഫിറ്റ്നെസും ഇതിലൊന്നാണ്.
യുവത്വത്തോടെ ഇരിക്കുന്നു എന്ന പ്രശംസകളിൽ തനിക്ക് സന്തോഷം തോന്നിയിട്ടില്ലെന്ന് മുമ്പൊരിക്കൽ മഞ്ജു വാര്യർ വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കേൾക്കാനാണ് ഇഷ്ടം. മുഖത്ത് ചുളിവുകൾ വരുന്നതൊക്കെ സ്വാഭാവികമാണെന്നും മഞ്ജു അന്ന് ചൂണ്ടിക്കാട്ടി. അതേസമയം സൗന്ദര്യത്തിന്റെ കാര്യത്തിൽ മഞ്ജു ശ്രദ്ധ നൽകുന്നുണ്ട് എന്ന് വ്യക്തമാണ്. ഇവന്റുകളിലും മറ്റും വളരെ സ്‌റ്റൈലിഷായാണ് മഞ്ജു ഇപ്പോൾ എത്താറ്.
അടുത്തിടെ മഞ്ജുവിനെ കുറിച്ച് നടി നിത്യ രവീന്ദർ പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തിൽ എല്ലാവരും ഇങ്ങനെയായിരിക്കണം എന്ന് കരുതുന്നു. അവരിൽ നിന്നും ഞാൻ പഠിച്ച പാഠം ജീവിതത്തിൽ നടക്കുന്ന ഒരു കാര്യവും നമ്മുടെ മുന്നേറ്റത്തിന് പ്രതിബന്ധമാകരുത് എന്നാണ്. ജീവിതത്തിൽ ആയിരം പ്രശ്‌നങ്ങൾ വരും, പോകും.
പക്ഷെ നമുക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക. ഇവരൊക്കെയാണ് പ്രചോദനം. ഇൻസ്പിരേഷൻ എന്ന് വെറുതെ പറയുന്നതിലല്ല കാര്യം. ഒരു ചെറിയ വിഷമം വന്നാൽ തലയിൽ കൈ വെച്ച് ദുഖിച്ചിരിക്കുകയല്ല വേണ്ടത്. പോയത് പോയി. അതിലിപ്പോൾ എന്താണ്. പകരം വന്നതെന്താണെന്ന് നോക്കൂ. ഇക്കാര്യത്തിൽ എനിക്ക് മഞ്ജു വാര്യരെ വളരെ ഇഷ്ടമാണെന്നും നിത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം, തന്റെ കരിയൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും രഹസ്യ വിവാഹം. അതോടെ അഭിനയം ഉപേക്ഷിക്കുകയാണെന്ന തീരുമാനത്തിലേയ്ക്ക് മഞ്ജു എത്തി. ഒരുപക്ഷേ അന്ന് അങ്ങനൊരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ മഞ്ജു ഇതിനും മുന്നേ ലേഡി സൂപ്പർസ്റ്റാ പട്ടം കയ്യടക്കുമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. തന്റെ വിവാഹ സമയത്ത് മഞ്ജു വേണ്ടെന്ന് വെച്ച അവസരങ്ങളും നിരവധിയാണ്.
1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സിലെ വേഷം മഞഅജു വാര്യര് വേണ്ടെന്ന് വെച്ച ചിത്രങ്ങളിൽ ഒന്നാണ്. ഇതേക്കുറിച്ച് സംവിധായകൻ സിദ്ദിഖ് മുമ്പ് സംസാരിച്ചിട്ടുണ്ട്. മീനയുടെ കഥാപാത്രത്തിന് ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയാണ്. ഇപ്പുറത്ത് മുകേഷിന്റെ പെയറായി ദിവ്യ ഉണ്ണിയും. പക്ഷെ ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം ചെയ്യുന്നതും വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തത്.
മഞ്ജു വാര്യർ പോയപ്പോൾ ഞങ്ങൾക്ക് നായിക ഇല്ലാതെയായി. പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മീന ഫ്രണ്ട്സിൽ നായികയായെത്തിയെന്നും സിദ്ദിഖ് വ്യക്തമാക്കി. അതുപോലെ മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.
ബോളിവുഡ് നടി പൂജ ബദ്രയാണ് മഞ്ജു വാര്യർ ചെയ്യേണ്ട വേഷം അന്ന് ചെയ്തത്. മഞ്ജു ചില കാരണങ്ങളാൽ സിനിമ നിരസിച്ചതോടെയാണ് പൂജ ബദ്രയിലേക്ക് ചന്ദ്രലേഖ എത്തുന്നത്. കരിയറിൽ താര റാണിയായിക്കൊണ്ടിരിക്കെയാണ് മഞ്ജു വാര്യർ നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. ഒരുപക്ഷെ നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി മഞ്ജു മാറിയേനെ.
ജ്യോതിക, സിമ്രാൻ, മീന, രംഭ, ദേവയാനി തുടങ്ങിയ നടിമാർ അക്കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരായിരുന്നു. ഇവരെ പോലെ മഞ്ജുവിനും അക്കാലത്ത് മികച്ച കഥാപാത്രങ്ങൾ ലഭിച്ചേനെയെന്ന് ആരാധകർ പറയുന്നു. കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്ൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ്.
എന്നാൽ തന്റെ ജീവിതത്തിലെ തീരുമാനങ്ങളിലൊന്നും നിരാശയില്ലെന്നാണ് മഞ്ജു പറയാറുള്ളത്. തിരിച്ച് വന്നപ്പോഴും മികച്ച കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചു. മൂന്ന് വർഷം മാത്രം അഭിനയിച്ച് ഒരു പതിറ്റാണ്ടിലേറെ സിനിമാ രംഗത്ത് നിന്നും മാറി നിന്ന ശേഷം തിരിച്ച് വരവിൽ ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു നടി ബോളിവുഡിൽ പോലും ഇല്ല.
അതേസമയം, എമ്പുരാൻ എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയത്. പ്രിയദർശിനി എന്ന കഥാപാത്രം വൻ ജനശ്രദ്ധ നേടി. സിനിമയിലെ ഏറ്റവും മികച്ച പ്രകടനം മഞ്ജുവിന്റേതാണെന്ന് ആരാധകർ പറയുന്നു. മലയാളത്തിൽ ഏറെക്കാലത്തിന് ശേഷം നടിക്ക് ലഭിക്കുന്ന ഹിറ്റ് സിനിമയാണ് എമ്പുരാൻ. തുടരെ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു അടുത്ത കാലത്ത് മോളിവുഡിൽ മഞ്ജുവിന്. ഈ പരാതി എമ്പുരാന്റെ വിജയത്തോടെ അവസാനിച്ചു.
ഞാൻ അങ്ങേയറ്റം ആസ്വദിച്ച് ചെയ്‌തൊരു കഥാപാത്രമാണ് പ്രിയദർശിനി. പ്രിയദർശിനിയുടെ കോംപ്ലിക്കേഷൻസും സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്‌ട് ചെയ്‌തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദർശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങൾക്കെല്ലാവർക്കും ഇഷ്‌ടപ്പെടും എന്ന് ആത്‌മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.