താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജുവാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
മഞ്ജു വാര്യരുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;
താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേര്‍ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു. അവരുടെ ചിരി നിമിഷങ്ങള്‍ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേയ്ക്കാണ്. നിത്യതയില്‍ അവര്‍ സ്വസ്ഥരായിരിക്കട്ടെ. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാര്‍ഥനകള്‍…
നേരത്തെ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള ചലച്ചിത്ര മേഖലയിലെ നിരവധിയാളുകള്‍ മലപ്പുറം താനൂര്‍ ബോട്ട് അപകടത്തിന്റെ വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു. താനൂര്‍ ബോട്ടപകടത്തില്‍ 22 പേരാണ് മരിച്ചത്. ഇവരില്‍ 15 പേര്‍ കുട്ടികളും അഞ്ച് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമായിരുന്നു.
അതേസമയം ബോട്ടപകടം ഉണ്ടായ തൂവല്‍ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചില്‍ നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്നിരുന്നു.
ആരെയും കണ്ടെത്താന്‍ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തെരച്ചില്‍ തുടരാനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലായെന്ന പരാതി നിലവില്‍ ഇല്ല.നേവിയും രണ്ടു തവണയായി തെരച്ചിലിന് എത്തിയിരുന്നു.