‘പോയവര്‍ക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ’, താനൂര്‍ അപകടം ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേര്‍ന്ന് വരുത്തിവെച്ചത്; മംമ്ത മോഹന്‍ദാസ്

കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു താനൂരിലെ ബോട്ട് അപകടം. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേര്‍ന്ന് വരുത്തിവച്ചതാണ് താനൂര്‍ തൂവല്‍തീരം ബോട്ട് ദുരന്തമെന്ന് പറയുകയാണ് നടി മംമ്ത മോഹന്‍ദാസ്.

ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒന്നടങ്കം ഈ ദുരന്തത്തില്‍ മരണപ്പെട്ടു എന്നറിയുന്നത് സങ്കടകരമായ കാര്യമാണെന്നും മംമ്ത പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

അജ്ഞതയ്‌ക്കൊപ്പം അശ്രദ്ധയും നിഷ്‌കളങ്കതയും സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തന്നോടും മറ്റുള്ളവരോടും ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേര്‍ന്ന് വരുത്തിവച്ച ദുരന്തമാണ് താനൂര്‍ തൂവല്‍തീരം ദുരന്തം. തന്റെ ഹൃദയം ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട സാധുക്കളോടൊപ്പമാണെന്നും അവരുടെ കുടുംബത്തിന് ഹൃദയത്തില്‍നിന്നുള്ള അനുശോചനം അറിയിക്കുന്നു എന്നും നടി വ്യക്തമാക്കി.

ഒരു കുടുംബത്തിലെ അംഗങ്ങളുടെ ജീവന്‍ ഒന്നായി ദുരന്തത്തില്‍ പൊലിഞ്ഞു എന്നറിയുമ്പോള്‍ സങ്കടമുണ്ട്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചര്‍ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ ബോട്ട് ഉടമ ഒളിവിലാണെന്നത് പരിഹാസ്യമാണ്. യാത്രക്കാരുമായി സഞ്ചരിക്കാനുള്ള ലൈസന്‍സ് ഈ ബോട്ടിനില്ലായിരുന്നു.

ഇന്നലെ രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന എല്ലാവര്‍ക്കും എന്റെ ആദരം. നമ്മുടെ നാട്ടില്‍ ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ‘പോയവര്‍ക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ’ എന്ന ചിന്തയില്‍ കഴിയാനാണ് നമ്മുടെയൊക്കെ വിധിയെന്നും മംമ്ത കുറിച്ചു.

Vijayasree Vijayasree :