വിവാഹത്തിന് മുമ്പ് ഗര്‍ഭിണി ആയത് കൊണ്ടാണ് വിവാഹം ലളിതമാക്കിയത്, ഗൗതമിന്റെ അച്ഛന് വിവാഹത്തില്‍ താല്പര്യം ഉണ്ടായിരുന്നില്ല; വിവാഹ ശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് നടി മഞ്ജിമ മോഹന്‍

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. നായിക നടിയായപ്പോള്‍ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ചെന്നൈയില്‍ ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ സമയത്ത് പല അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പ്രചരിച്ചു.

പഴയകാല നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. നടി രാഗിണിയാണ് ഗൗതം കാര്‍ത്തിക്കിന്റെ അമ്മ. കാര്‍ത്തിക്കും രാഗിണിയും ഏറെക്കാലമായി അകന്ന് കഴിയുകയാണ്. അമ്മയാണ് തന്നെയും സഹോദരനെയും വളര്‍ത്തിയതെന്ന് ഗൗതം ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയുമുണ്ടായി. ഗൗതമിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ചും വിവാഹ സമയത്ത് വന്ന അഭ്യൂഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ.

ഇഷ്ടപ്പെട്ട ആളെ എന്നും കാണാന്‍ പറ്റുക അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ പറ്റുക എന്നതൊക്കെ ശരിക്കും അനുഗ്രഹമാണെന്നും വിവാഹ ജീവിതം തന്റെ ലൈഫില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്നും താനും തന്റെ ജീവിത രീതികളുമൊക്കെ പഴയത് പോലെ തന്നെയാണെന്ന് താരം പറയുന്നു. കല്യാണം കഴിഞ്ഞ് ഒരു വലിയ സിനിമാ കുടുംബത്തിലേക്ക് പോകുന്നു എന്നതും ഉത്തരവാദിത്തമാണെന്നും പക്ഷേ രസമാണെന്നും മഞ്ജിമ പറയുന്നു.

വിവാഹ സമയത്ത് കേട്ട സോഷ്യല്‍ മീഡിയ കമന്റുകളെക്കുറിച്ച് മഞ്ജിമ പറയുന്നുണ്ട്. എന്തും സോഷ്യല്‍ മീഡിയയില്‍ തുറന്നുകാട്ടുന്നതിനോട് താന്‍ ഒട്ടും യോജിക്കുന്നില്ലെന്നും തുടക്കത്തിലൊക്കെ അങ്ങനെയായിരുന്നു, പിന്നീട് തനിക്ക് മനസ്സിലായി കാഴ്ചക്കാര്‍ അവരുടെ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ടാണ് നമ്മെളയും വിലയിരുത്തുന്നത് എന്ന് മ!ഞ്ജിമ പറയുന്നു. അത് വളരെ മോശമായി ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് സോഷ്യല്‍ മീഡിയയെ അധികം പ്രോത്സാഹിപ്പിക്കാതിരുന്നതെന്ന് താരം പറയുന്നു.

ഞങ്ങള്‍ രണ്ട് പേരും എന്താണ് ഞങ്ങളുടെ ജീവിതം എന്ന് സോഷ്യല്‍ മീഡിയയില്‍ തുറന്നുകാണിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. പക്ഷേ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോള്‍ ഒരുമിച്ച് ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ വേണ്ടി കുടുംബത്തില്‍ നിന്ന് വല്ലാത്ത സമ്മര്‍ദ്ദം ഉണ്ടാവാറുണ്ട്. വിവാഹ ശേഷമുള്ള ആദ്യത്തെ പൊങ്കലിന് ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ നിര്ഡബന്ധിച്ച് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ക്രിസ്മസിനും ന്യൂ ഇയറിനും എല്ലാം ഫോട്ടോ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ആളുകള്‍ മറ്റൊരു തരത്തില്‍ കഥകള്‍ മെനയും എന്നും താരം പറയുന്നു.

തന്റെ വിവാഹത്തെക്കുറിച്ച് വന്ന നെഗറ്റീവ് കമന്റുകള്‍ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് മഞ്ജിമ പറഞ്ഞു. വിവാഹത്തിന് മുമ്പ് ഗര്‍ഭിണി ആയത് കൊണ്ടാണ് വിവാഹം ലളിതമാക്കിയത്, ഗൗതമിന്റെ അച്ഛന് വിവാഹത്തില്‍ താല്പര്യം ഉണ്ടായിരുന്നില്ല, അദ്ദേഹം ആരെയും ക്ഷണിക്കാത്തതിന് കാരണം അതാണ് എന്നൊക്കെയാണ് വാര്‍ത്തകള്‍ വന്നതെന്നും അത് മാനസികമായി വേദനിപ്പിച്ചെന്നും മഞ്ജിമ പറഞ്ഞു.

ആ അവസ്ഥയില്‍ താന്‍ തളര്‍ന്നിരിക്കുമ്പോള്‍ എന്തും തുറന്നുസംസാരിക്കാനുള്ള സ്വാതന്ത്ര്യം ഗൗതം തന്നുവെന്നും അതാണ് തങ്ങളുടെ മാര്യേജ് ലൈഫിന്റെ അടിത്തറയെന്നും താരം പറയുന്നു. തുടക്കത്തില്‍ തന്നെ നമ്മള്‍ പരസ്പരം മനസ്സിലാക്കാതെ, വിഷമിച്ചിരിക്കുന്നതിന് കാരണം മറ്റെന്തെങ്കിലുമാണെന്ന് ഗൗതെ ഊഹിച്ച് മാറിയിരുന്നുവെങ്കില്‍ തുടക്കത്തിലെ പ്രശ്‌നങ്ങള്‍ വന്നേനെ എന്നും പ്രോപ്പറായ കമ്യൂണിക്കേഷനാണ് ഏതൊരു ദാമ്പത്യത്തിന്റെയും അടിത്തറയെന്നും താരം പറയുന്നു.

അതേസമയം, ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ചിലപ്പോള്‍ തമാശയായി നിങ്ങള്‍ രണ്ട് പേരും വളരെ ബോറിംഗ് ആണെന്ന് പറയുമെന്നും നടി പറഞ്ഞു. എപ്പോഴും വീട്ടിലിരിക്കും. നെറ്റ്ഫ്‌ലിക്‌സ് കാണും. പുറത്ത് പോകില്ല. അമ്മായിയമ്മ ഇതേക്കുറിച്ച് ഒരുപാട് പറയും. എന്റെ കുടുംബങ്ങള്‍ പറയുന്നത് എന്തുകൊണ്ടെന്ന് എനിക്ക് മനസിലാക്കാന്‍ പറ്റും. പക്ഷെ ഞങ്ങളെക്കുറിച്ച് അറിയാത്തവരും ഇങ്ങനെ പറയാന്‍ തുടങ്ങി.

ഞങ്ങള്‍ക്ക് വീട്ടിലിരിക്കാന്‍ ഇഷ്ടമാണ്. വെറുതെ വീട്ടിലിരിക്കും. ഗൗതം ഗെയിം കളിക്കുകയായിരിക്കും. ഞാന്‍ ഷോകള്‍ കാണുന്നുണ്ടാകും. ഞങ്ങള്‍ ഇങ്ങനെയാണ്. ഇത് എല്ലാവരോടും പറയാന്‍ പറ്റില്ല. മാതാപിതാക്കളോടും സഹോദരങ്ങളോടും പറയും. വിവാഹത്തിന് ശേഷം പൊങ്കല്‍ ദിനത്തില്‍ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കാന്‍ ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നും മഞ്ജിമ പറയുന്നു.

Vijayasree Vijayasree :