മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു. നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ, നിർമാതാവ് എന്ന് തുടങ്ങി മണിയൻപിള്ള രാജു കൈവെയ്ക്കാത്ത മേഖലകളില്ല.
ഇപ്പോഴിതാ രണ്ടേകാൽ ലക്ഷം രൂപയ്‌ക്ക് സിനിമ പൂർത്തിയാക്കിയ കാലം ഓർത്ത് എടുത്തിരിക്കുകയാണ് അദ്ദേഹം. മുമ്പൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നിർമാതാവെന്ന നിലയിലുള്ള റിസ്ക് അദ്ദേഹം തുറന്ന് പറഞ്ഞത്. നമ്മുക്ക് ഒരു പടം എടുത്താലോ എന്ന പ്രിയദർശന്റെ ചോദ്യത്തിലാണ് ആ സിനിമയുടെ തുടക്കം.
എന്റെ കൈയിലൊരു സബ്ജക്ട് ഉണ്ടെന്നും പ്രിയൻ പറഞ്ഞു. ഒരാൾ 25,000 രൂപ വീതം ഇട്ടാണ് പടം പൂർത്തിയാക്കിയത്. ആരും പ്രതിഫലം വാങ്ങിയില്ല. അങ്ങനെ ആകെ 2.5 ലക്ഷമാണ് സിനിമയ്‌ക്ക് ചെലവാക്കി പുറത്തിറക്കിയ സിനിമയാണ് ഹലോ മൈ ഡിയർ റോംഗ് നമ്പർ. തിയേറ്ററിൽ സിനിമ വിജയിച്ചില്ല. എന്നാൽ ചാനലുകാർ സിനിമ എടുത്തു.
ഇതോടെ 50,000 രൂപ വീതം ഓരോരാൾക്കും കിട്ടിയെന്നും മണിയൻപിള്ള രാജു പറഞ്ഞു. മുൻപ് നിർമിച്ച സിനിമകളുടെ ബജറ്റും അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സൂപ്പർ ഹിറ്റുകളായ വെള്ളാനകളുടെ നാടിന് 18 ലക്ഷവും ഏയ് ഓട്ടോയ്‌ക്ക് 24 ലക്ഷവുമാണ് ചെലവായത്. ഇന്ന് ഒരു ദിവസത്തെ ചെലവ് മിനിമം ആറ് ലക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
0 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്രയും കാലം എന്തുകൊണ്ട് മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തില്ല എന്ന ചോദ്യത്തിനും മണിയൻപിള്ള രാജു മറുപടി പറഞ്ഞു.
മോഹൻലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വർഷമായി. ഞങ്ങള് തമ്മിൽ എന്നും ഫോൺ വിളിച്ച് സംസാരിക്കും, തമാശകൾ പറയും, ഇടയ്‌ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയിൽ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാൻ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാൻസ് ചോദിക്കാറില്ല.
അങ്ങനെ എല്ലാ സിനിമയിലും ചാൻസ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവർ അഭിനയിക്കുന്നുമുണ്ട്. എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. ഒന്നുകിൽ എനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കിൽ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതിൽ വിഷമമൊന്നുമില്ലെന്നാണ് മണിയൻപിള്ള രാജു അടുത്തിടെ പറഞ്ഞിരുന്നത്.