അവാർഡ് നേട്ടം എന്നെ സന്തോഷിപ്പിക്കുന്നില്ല, വയനാടിന്റെ വേദനയാണ് മനസിൽ; എല്ലാവരും വയനാടിനെ സഹായിക്കണമെന്ന് മമ്മൂട്ടി

ഫിലിം ഫെയർ അവാർഡ് വേദിയിലും വയനാടിന്റെ വേദ​നയിൽ മമ്മൂട്ടി. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുകയാണ്. തിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്.

ഈ വേളയിൽ പുരസ്കാരം വാങ്ങിയ ശേഷം അദ്ദേഹം പറ‍ഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇത് എന്റെ 15മത്തെ ഫിലിം ഫെയർ അവാർഡാണ്. എന്നാൽ അവാർഡ് നേട്ടം എന്നെ സന്തോഷിപ്പിക്കുന്നില്ല, വയനാടിന്റെ വേദനയാണ് മനസിൽ. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവർക്കൊപ്പമാണ് മനസ്, എല്ലാവരും വയനാടിനെ സഹായിക്കണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചു.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ സൗത്ത് ഫിലിം ഫെയർ അവാർഡ് നിശ ഇത്തവണ അരങ്ങേറിയത് ഹൈദരബാദിൽ വെച്ചായിരുന്നു. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. എസ്.ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ഒന്നടങ്കം ചിത്രത്തിനായി കാത്തിരിക്കുകയിയരുന്നു. വർഷങ്ങൾക്ക് മുമ്പ് രണ്ടോ മൂന്നോ സിനിമകൾ മമ്മൂക്കയുമായി ലിജോ ചർച്ച ചെയ്തിരുന്നു. പലതും പല കാരണങ്ങൾ കൊണ്ടും നടക്കാതെ പോവുകയായിരുന്നു. ഏറ്റവുമൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി നൻപകൽ നേരത്ത് മയക്കം ലിജോ പ്രഖ്യാപിച്ചത്.

അതേസമയം, വയനാടിന്റെ രക്ഷാപ്രവർത്തനത്തിനായി 20 ലക്ഷം രൂപയും തന്റെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ വഴി മറ്റ് സഹായങ്ങളും മമ്മൂട്ടി ചെയ്തിരുന്നു. ദുൽഖർ സൽമാൻ 15 ലക്ഷം രൂപയാണ് സഹായധനമായി നൽകിയത്. ദുരാതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും മമ്മൂട്ടി എത്തിച്ചിരുന്നു.

Vijayasree Vijayasree :