ഒരുപാട് സ്റ്റേജ് ആർട്ടിസ്റ്റുകളെ കണ്ടെത്തി അവസരം കൊടുത്തിട്ടുള്ള ആളാണ് മമ്മൂട്ടി ; മണി ഷൊർണൂർ പറയുന്നു !

നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ പേര് മുതൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഓരോ വിശദാംശങ്ങളും വിശദമായി പരിശോധിക്കുകയാണ് സിനിമാപ്രേമികൾ. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ സിനിമ സെെക്കോളജിക്കൽ ത്രില്ലർ വിഭാ​ഗത്തിൽ പെടുത്താവുന്നതാണ്. മമ്മൂട്ടിയെക്കൂടാതെ നടൻ കോട്ടയം നസീർ, ബിന്ദു പണിക്കർ, ​ഗ്രേസ് ആന്റണി, മണി ഷൊർണൂർ, ഷറഫുദീൻ, സീനത്ത് തുടങ്ങിയ താരങ്ങളും റോഷാക്കിൽ അഭിനയിക്കുന്നുണ്ട്.

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട മണി ഷൊർണൂറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ. മമ്മൂട്ടിയാണ് സിനിമയിലേക്ക് തന്നെ തെരഞ്ഞെടുത്തതെന്ന് മണി ഷൊർണൂർ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനോടാണ് പ്രതികരണം.

ചെറുപ്പത്തിലേ ആരാധന മമ്മൂക്കയുടെ സിനിമകളോടായിരുന്നു. ഇക്കായുടെ സിനിമകൾ ഇടവിടാതെ കാണുകയും ആ രൂപവും അഭിനയവും മനസ്സിൽ കൊണ്ടു നടക്കുന്ന ആളാണ്. മമ്മൂക്കയും മോഹൻലാലും രണ്ട് പേരും ഒരുപാട് പേരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. പക്ഷെ മമ്മൂക്കയെന്ന നടൻ ഒരുപാട് സ്റ്റേജ് ആർട്ടിസ്റ്റുകളെ കണ്ടെത്തി അവസരം കൊടുത്തിട്ടുള്ള ആളാണ്.

‘സിനിമയിൽ ഞാൻ ഓട്ടോറിക്ഷയിൽ പോവുന്ന സീനുണ്ട്. അപ്പോൾ ഞാൻ വെറുതെ ഓട്ടോറിക്ഷയിൽ താളംപിടിച്ചു. മമ്മൂക്കയും ഒന്ന് തട്ടി. അപ്പോൾ ഞാൻ മമ്മൂക്കയെ നോക്കി. എനിക്ക് മൃദം​ഗം വായിക്കാനൊന്നും അറിയില്ല. ഞാൻ വെറുതെ ഒന്ന് തട്ടിയതാ, ഇയാൾ കഴിഞ്ഞ എപ്പിസോഡിൽ ലൈവായി മൃദം​ഗം വായിച്ചല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. എല്ലാം അദ്ദേഹം കാണുന്നുണ്ട്”നിസാം ബഷീർ എനിക്ക് ഫോൺ ചെയ്തു. അടുത്ത സിനിമയിൽ മമ്മൂക്കയാണ് നായകൻ, അതിലൊരു വേഷത്തിന് വേണ്ടി മമ്മൂക്കയാണ് മണിയേട്ടന്റെ നമ്പർ തന്നതെന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സിനിമയിലെ പ്രധാന എട്ട് കഥാപാത്രങ്ങൾക്കും സക്രിപ്റ്റ് നൽകി. സെറ്റിൽ എല്ലാവർക്കും ഒരേ പരി​ഗണന ആയിരുന്നു”

നമ്മുടെ കഴിവുകൾ മമ്മൂക്ക തന്നെ നമുക്ക് പറഞ്ഞ് തരും. ഞാനും മമ്മൂക്കയും കൂടി ഇരിക്കുന്ന ഒരു സീനുണ്ട്. മമ്മൂക്ക സ്ക്രിപ്റ്റ് നോക്കി”എന്നെ നോക്കുകയൊന്നും വേണ്ട പത്ത് വർഷമായി സിങ്ക് സൗണ്ടിൽ മറിമായം ചെയ്യുന്നതല്ലേ നിന്റെയടുത്ത് പിടിച്ച് നിൽക്കണ്ടേ എന്ന് മമ്മൂക്ക പറഞ്ഞു. അതിൽ നിന്ന് തന്നെ നമ്മൾക്ക് അദ്ദേഹത്തെ പോലെ തന്നെ കഴിയുമെന്ന് വിശ്വസിപ്പിക്കുകയാണ്. എനിക്കപ്പോൾ ഫ്രീ ആയി ആ സീൻ ചെയ്യാൻ പറ്റി,’ മണി ഷൊർണൂർ പറഞ്ഞു.

നടൻ കോട്ടയം നസീറും കഴിഞ്ഞ ദിവസം മമ്മൂട്ടിയെ പറ്റി സംസാരിച്ചിരുന്നു. മമ്മൂക്കയുടെ നിർമാണ കമ്പനി ഒരുക്കിയ സിനിമയിൽ അവസരം നൽകിയതിന് നന്ദിയുണ്ടെന്നും അവസരങ്ങൾ ലഭിക്കാത്തതിനാൽ സിനിമാ അഭിനയം നിർത്താനിരിക്കുകയായിരുന്നു താനെന്നുമായിരുന്നു കോട്ടയം നസീർ പറഞ്ഞത്. നടി ബിന്ദു പണിക്കർക്കും പ്രധാന വേഷമാണ് സിനിമയിൽ ലഭിച്ചിരിക്കുന്നത്.

AJILI ANNAJOHN :