മമ്മൂട്ടിയെന്ന ആളുടെ പേര് പറഞ്ഞാൽ തിയറ്ററിൽ കൂവുന്ന അവസ്ഥയിലേക്ക് എത്തി. മമ്മൂട്ടിയുടെ തോളിൽ കൈയിട്ട് നടന്ന പല വമ്പൻ പ്രൊഡ്യൂസർമാരും മമ്മൂട്ടിയെ തിരിഞ്ഞു നോക്കാത്ത കാലം ; മമ്മൂട്ടിയെ കുറിച്ച് ഡെന്നിസ് ജോസഫ്!

നടനെന്ന നിലയിൽ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 400-ലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് 71-ാം ജന്മദിനം . ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ അദ്ദേഹം, ശ്രദ്ധേയവും കഠിനവുമായ വേഷങ്ങളിലൂടെ അദ്ദേഹം തന്റെ മികവ് പലകുറി തെളിയിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ അതുല്യമായ ചാരുതയും കഴിവും നടനെന്ന നിലയിൽ അദ്ദേഹത്തെ വേറിട്ടതാക്കി
കരിയറിൽ പകരം വെക്കാനില്ലാത്ത നേട്ടങ്ങൾ കൈവരിച്ച മമ്മൂട്ടി സിനിമാ ജീവിതത്തിൽ വിജയവും പരാജയവും ഒരുപോലെ കണ്ടിട്ടുണ്ട്.

മുമ്പൊരിക്കൽ 80 കളിൽ തുടരെ പരാജയങ്ങൾ നേരിടേണ്ടി വന്ന നടന് അക്കാലത്ത് ഒരു വലിയ ബ്രേക്ക് നൽകുന്നത് 1987 ലെ ന്യൂഡൽഹി എന്ന സിനിമയാണ്. മമ്മൂട്ടിയുടെ പരാജയ കാലത്തെക്കുറിച്ച് ഈ സിനിമയുടെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

‘ഞാനും ജോഷിയും ചേർന്നെടുക്കുന്ന സിനിമകൾ തുടരെ പരാജയപ്പെടാൻ തുടങ്ങി. മമ്മൂട്ടിയുടെ നാലഞ്ച് സിനിമകൾ ഞങ്ങളുടേതായി തന്നെ പാെളിയാൻ തുടങ്ങി. എനിക്കപ്പുറത്ത് തമ്പി കണ്ണന്താനം-മോഹൻലാൽ പടങ്ങൾ ഹിറ്റ് ആവുന്നുണ്ടായിരുന്നു. പക്ഷെ മമ്മൂട്ടിയെന്ന ആളുടെ പേര് പറഞ്ഞാൽ തിയറ്ററിൽ കൂവുന്ന അവസ്ഥയിലേക്ക് എത്തി. അന്ന് പൊളിഞ്ഞ സായംസന്ധ്യ പോലുള്ള സിനിമകളൊക്കെ ഇപ്പോൾ ടിവിയിൽ വരുമ്പോൾ ഇതെന്താണ് അന്ന് പൊളിഞ്ഞതെന്നും നല്ല സിനിമയാണെന്നും പലരും പറയുന്നുണ്ട്.

പക്ഷെ അന്ന് ഈ സിനിമകളൊക്കെ വമ്പൻ പരാജയത്തിലെത്തുകയും ജോഷി-ഡെന്നിസ് ജോസഫ് എന്ന ടീം സിനിമയിൽ നിന്ന് ഇല്ലാതാവുന്ന അവസ്ഥയിലേക്ക് ഏതാണ്ട് എത്തി. മമ്മൂട്ടിയെ വെച്ച് ഒരു സിനിമ എടുക്കാൻ പോലും ആൾക്കാർ മടിക്കുന്ന ലെവലിലേക്ക് പോയി. ഇതിന്റെ കാരണമെന്താണെന്ന് അന്നും ഇന്നും ആലോചിച്ചാൽ പ്രത്യക്ഷത്തിൽ പറയാവുന്ന ഒരു കാരണമില്ല’

മോഹൻലാൽ ആണെങ്കിൽ സക്സസ് ആയി നിൽക്കുന്നു. മമ്മൂട്ടിയുടെ പരാജയം ഭയങ്കരമായി നിർമാതാവ് ജോയിയെയും ജോഷിയെയും വിഷമിപ്പിച്ചു. അവർ രണ്ട് പേരും ആത്മാർത്ഥതയോടെ എങ്ങനെയെങ്കിലും ഒരു സൂപ്പർഹിറ്റ് എടുത്ത് മമ്മൂട്ടിയെ തിരികെ കൊണ്ടു വരണമെന്ന് വല്ലാതെ ആ​ഗ്രഹിച്ചു. മമ്മൂട്ടിയുടെ തോളിൽ കൈയിട്ട് നടന്ന പല വമ്പൻ പ്രൊഡ്യൂസർമാരും മമ്മൂട്ടിയെ തിരിഞ്ഞു നോക്കാത്ത കാലത്താണിത്. മമ്മൂട്ടിയെ തിരിച്ചു കൊണ്ടു വരണമെന്ന് ജോയിയുടെയും ജോഷിയുടെയും വാശിയായി’

‘അങ്ങനെ പല കഥാ വിഷയങ്ങൾ ഞങ്ങൾ ആലോചിച്ചു. ആ സമയത്ത് സ്കൂളിൽ പഠിച്ച പയ്യംവള്ളി ചന്തു എന്ന കഥ സിനിമയാക്കിയാലോ എന്ന് ഞങ്ങൾ ആലോചിച്ചു. തച്ചോളി ഒതേനനെ അവസാനത്തെ യുദ്ധത്തിന് പൂഴിക്കടകൻ പഠിപ്പിച്ച് സജ്ജമാക്കുന്നത് പയ്യംവള്ളി ചന്തുവാണ്. ഈ കഥ ചെയ്യാനിരിക്കവെയാണ് മോഹൻലാലിനെ വെച്ച് പ്രിയദർശൻ ഒരു വലിയ വടക്കൻ പാട്ട് സിനിമ ചെയ്യാനുള്ള ആലോചന വരുന്നതും. മത്സരം വേണ്ടെന്ന് ജോയിയും ജോഷിയും പറഞ്ഞു. പിന്നീടാണ് ന്യൂഡൽഹി സിനിമയുടെ കഥാവിഷയം പറയുന്നത്’

‘പലവട്ടം ഞാൻ തിരക്കഥയെഴുതി. അഞ്ചെട്ട് സിനിമകൾ പരാജയപ്പെട്ടതിനാൽ എഴുതുന്നതിൽ തൃപ്തി വരാത്തത് മൂലം ഞാൻ തന്നെ കീറിക്കളഞ്ഞു. 13 സീനുകളുമായാണ് ഞാനും ജോഷിയും കൂടി ഡൽഹിക്ക് പോയത്. ബാക്കി കേരള ഹൗസിൽ ഇരുന്ന് എഴുതി. അന്നന്ന് ഷൂട്ട് ചെയ്യാനുള്ളത് അന്നന്ന് എഴുതിയ സിനിമ ആണ് ന്യൂഡൽഹി. ആ സിനിമ ഷൂട്ട് ചെയ്യാൻ ആകെ ജോഷി എടുത്തത് 22 ദിവസമാണ്,’ ഡെന്നിസ് ജോസഫ് പറഞ്ഞതിങ്ങനെ. തിയറ്ററിൽ വൻ ഹിറ്റായിരുന്നു ന്യൂഡൽഹി.

AJILI ANNAJOHN :