ആദ്യമായി മോഹന്‍ലാലിനോട് കഥ പറഞ്ഞ അനുഭവം പങ്കുവച്ച് സംവിധായകന് വിഎം വിനു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിനു ബാലേട്ടന് എന്ന സിനിമയുടെ കഥ പറയാന്‍ പോയതിനെ കുറിച്ച് തുറന്നു പറഞ്ഞത്. തെങ്കാശിയില്‍ പോയാണ് മോഹന്‍ലാലിനോട് ബാലേട്ടന്റെ കഥ പറഞ്ഞതെന്ന് സംവിധായകന് പറയുന്നു.

നിര്‍മ്മാതാവ് അരോമ മണിയുടെ മിസ്റ്റര്‍ ബ്രഹ്മചാരിയുടെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ തെങ്കാശിയിലുണ്ടെന്ന് അറിഞ്ഞ് അവിടെ പോയാണ് കഥ പറഞ്ഞത്. തെങ്കാശിയില്‍ എത്തി ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെന്ന് മോഹന്‍ലാലിനെ കണ്ട് നിമിഷ നേരം കൊണ്ട് തന്നെ വര്‍ഷങ്ങളായി പരിചയമുള്ളവരെ പോലെയാണ് മോഹന്‍ലാല്‍ തന്നോട് പെരുമാറിയത്.
ലൊക്കേഷനില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് മോഹന്‍ലാലിനോട് സിനിമയുടെ പേര് ബാലേട്ടന് ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ആ പ്രോജെക്റ്റിനോടുള്ള ഒരു താല്പര്യം തനിക്കു കാണുവാന്‍ സാധിച്ചെന്നും വിനു പറയുന്നു. ഷൂട്ടിംഗിനു ശേഷം തന്റെ ഹോട്ടല്‍ മുറിയിലേയ്ക്ക് തങ്ങളെ മോഹന്‍ലാല്‍ ക്ഷണിക്കുകയും അവിടെ ഇരുന്നു ചിത്രത്തിന്റെ കഥ കേള്‍ക്കുകയും ചെയ്തു.
ഒരു പുതുമുഖ തിരക്കഥാകൃത്തിന്റെ എല്ലാ അങ്കലാപ്പും പേടിയും ഉണ്ടായിരുന്ന ഷാഹിദിനെ സമാധാനിപ്പിക്കാന്‍ മോഹന്‍ലാല്‍ മുന്‍കൈ എടുക്കുകയും വളരെ ക്ഷമയോടെ ഇരുന്നു കഥ മുഴുവന്‍ കേള്‍ക്കുകയും ചെയ്തെന്നും വിനു പറയുന്നു. കഥയുടെ സെക്കന്‍ഡ് ഹാഫ് കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാലിന് സിനിമ ഇഷ്ടപ്പെട്ടു.
സ്ക്രിപ്റ്റിന്റെ നീളം കുറച്ചു കുറയ്ക്കണമെന്ന് മാത്രം ഒരു അഭിപ്രായമാണ് പറഞ്ഞത്. പോകാന്‍ നേരം മോഹന്‍ലാലിന്റെ പേഴ്സണല്‍ ഫോണ്‍ നമ്പര്‍ കൂടി നല്കിയിട്ടാണ് അദ്ദേഹം തങ്ങളെ യാത്ര ആക്കിയത് എന്നാണ് സംവിധായകന് പറയുന്നത്. വി.എം വിനുവിന്റെ സംവിധാനത്തില്‍ 2003ല്‍ ആണ് ബാലേട്ടന് റിലീസായത്.
