മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിര്‍ത്തുകൊണ്ട് മലയാള സിനിമക്കുള്ളില്‍ത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്; മരിച്ച ശേഷവും മണിയെ സര്‍ക്കാരും സംഘടനകളും ആദരിക്കുന്നില്ല, കുറിപ്പുമായി വിനയന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ.

മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുക്കെട്ടിലെത്തിയ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേയ്ക്ക് ചേക്കേറുകയായിരുന്നു.

ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്. ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് സംവിധായകന്‍ വിനയന്റെ കുറിപ്പാണ്. മരിച്ച ശേഷവും മണിയെ സര്‍ക്കാരും സംഘടനകളും ആദരിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മണിക്ക് സ്മാരകം തീര്‍ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് ആറ് വര്‍ഷമായി. ബജറ്റില്‍ മൂന്നു കോടി വകയിരുത്തിയതുമാണ്. എന്നിട്ടും അത് നടന്നില്ല എന്നാണ് വിനയന്‍ കുറിക്കുന്നത്. കൂടാതെ 2016 ലെ ഫിലിം ഫെസ്റ്റിവലി മണിക്ക് ആദരമര്‍പ്പിച്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കാതിരുന്നത് തന്നോടുള്ള വിരോധം കൊണ്ടാണെന്നും വിനയന്‍ ആരോപിച്ചു.

വിനയന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു,

മണി വിടപറഞ്ഞിട്ട് ആറു വര്‍ഷം. സ്മരണാഞ്ജലികള്‍. അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകര്‍ഷിക്കുന്ന നാടന്‍ പാട്ടിന്റെ ഈണങ്ങള്‍ കൊണ്ടും മലയാളിയുടെ മനസ്സില്‍ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവന്‍ മണി. കല്യാണസൗഗന്ധികം എന്ന സിനിമയില്‍ തുടങ്ങി എന്റെ പന്ത്രണ്ട് ചിത്രങ്ങളില്‍ മണി അഭിനയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരന്‍ എന്നിവ ഏറെ ചര്‍ച്ചയാവുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.

മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വര്‍ഷങ്ങള്‍ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പര്‍ശിച്ചിരുന്നു. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിര്‍ത്തുകൊണ്ട് മലയാള സിനിമക്കുള്ളില്‍ത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്. അതില്‍ നിന്നുണ്ടായ പ്രചോദനം തന്നെയാണ് മണിയെക്കുറിച്ച് ”ചാലക്കുടിക്കാരന്‍ ചങ്ങാതി” എന്ന സിനിമ എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. മലയാളസിനിമയില്‍ മറ്റാര്‍ക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ കൃതാര്‍ത്ഥനാണു ഞാന്‍.

മണി മരിച്ച വര്‍ഷം- 2016 ലെ ഫിലിം ഫെസ്റ്റിവലില്‍ (ഐഎഫ്എഫ്‌കെ) റിട്രോസ്‌പെക്ടീവ് ആയി കലാഭവന്‍ മണിയുടെ തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം എന്നൊരാലോചന വന്നതായി കേട്ടിരുന്നു. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമൂഹത്തില്‍ നിന്നും ഇത്ര ഉന്നതിയിലേക്ക് വളര്‍ന്നുവന്ന ആ കലാകാരനെ ആ ഫെസ്റ്റിവലില്‍ ആദരിച്ചിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്കുതന്നെ ഒരു ക്രഡിറ്റ് ആയേനെ.

പക്ഷേ ചിലരുടെ ആഗ്രഹപ്രകാരം അതു നടന്നില്ല. അതിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞിരുന്നു. മണിയേപ്പറ്റി അങ്ങനൊരു ചിത്ര പ്രദര്‍ശനം നടത്തുന്നു എങ്കില്‍, അതില്‍ വാസന്തിയും ലഷ്മിയും കരുമാടിക്കുട്ടനും ആദ്യം തന്നെ ഉള്‍പ്പെടുത്തേണ്ടി വരും. വിനയനോട് അടങ്ങാത്ത പകയുമായി നടക്കുന്ന അന്നത്തെ ചെയര്‍മാനും, എക്‌സിക്യൂട്ടീവിലെ മറ്റൊരു പ്രമുഖ സംവിധായകനും അതു സഹിക്കാന്‍ കഴിഞ്ഞില്ലത്രേ. കുശുമ്ബും കുന്നായ്മയും നിറഞ്ഞ നമ്മുടെ ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെ മനസ്സിനേപ്പറ്റി അറിഞ്ഞപ്പോള്‍ എനിക്കവരോടു സഹതാപമാണു തോന്നിയത്. വിനയനോടുള്ള പക എന്തിനു മണിയോടു തീര്‍ത്തു.

സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ദാരിദ്ര്യത്തിന്റെയും വേദനയുടെയും കയ്പ്പുനീര്‍ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിന്റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീര്‍ക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞിട്ട് ഇപ്പോള്‍ ആറു വര്‍ഷം കഴിയുന്നു. ബജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു.. നമ്മുടെ സാംസ്‌കാരിക വകുപ്പിന്റെ മുന്‍ഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഒന്നുണ്ട് മണീ… ഏതു സാംസ്‌കാരിക തമ്ബുരാക്കന്‍മാര്‍ തഴഞ്ഞാലും കേരള ജനതയുടെ മനസ്സില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരന്‍ മണിയേപ്പോലെ ആരുമില്ല.. അതിലും വലിയ ആദരവുണ്ടോ…?

Vijayasree Vijayasree :