മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയധികം തെറി ഉപയോഗിച്ചിട്ടുള്ള മറ്റൊരു സിനിമ ഉണ്ടെന്ന് തോന്നുന്നില്ല.., പക്ഷേ, തെറി പറയാന്‍ വേണ്ടി തെറി പറഞ്ഞിട്ടില്ല, അത് അങ്ങനെ സംഭവിക്കുന്നതാണ്; തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്

ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശേരി നിര്‍മ്മിച്ച ചിത്രം സോണി ലൈവില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വലിയ ചര്‍ച്ചയാണ് ചിത്രം സൃഷ്ടിക്കുന്നത്. തെറികളും അശ്ലീല പദപ്രയോഗങ്ങളുമാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ പലതും എന്നതാണ് ചര്‍ച്ചയാകുന്നത്.

മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയധികം തെറി ഉപയോഗിച്ചിട്ടുള്ള മറ്റൊരു സിനിമ ഉണ്ടാകില്ല എന്നാണ് നടന്‍ വിനയ് ഫോര്‍ട്ട് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ചിത്രത്തില്‍ ഷാജീവന്‍ എന്ന കഥാപാത്രമായാണ് വിനയ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

രണ്ടു പൊലീസുകാര്‍ മഫ്തിയില്‍ ഒരു ക്രിമിനലിനെ അന്വേഷിച്ച് ക്രിമിനലുകള്‍ മാത്രം താമസിക്കുന്ന മലയോര പ്രദേശത്തേക്ക് പോകുന്നതാണ് സിനിമയുടെ പ്രമേയം. അവിടെ ക്രിമിനലുകള്‍ മാത്രമേ താമസിക്കുന്നുള്ളൂ. അവര്‍ സംസാരിക്കുന്ന ഭാഷയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

അവര്‍ സഭ്യമായ ഭാഷ ഉപയോഗിക്കുന്നവര്‍ ആയിരിക്കില്ലല്ലോ. തനിക്ക് തോന്നുന്നു മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയധികം തെറി ഉപയോഗിച്ചിട്ടുള്ള മറ്റൊരു സിനിമ ഉണ്ടാകില്ലെന്ന്. പക്ഷേ, തെറി പറയാന്‍ വേണ്ടി തെറി പറഞ്ഞിട്ടില്ല. അത് അങ്ങനെ സംഭവിക്കുന്നതാണ്.

അതാണ് അതിന്റെ സൗന്ദര്യം. ഒരു നടന്‍ എന്ന രീതിയിലും പ്രേക്ഷകന്‍ എന്ന രീതിയിലും താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഏറ്റവും പച്ചയായ, ഒറിജിനലായ ‘ചുരുളി’ ആണ് എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച സിനിമയില്‍ നിന്നും മറ്റൊരു എക്സ്‌ക്ലൂസീവ് കട്ടാണ് ഒ.ടി.ടിയില്‍ റിലീസായത് എന്നും താരം വ്യക്തമാക്കി.

Vijayasree Vijayasree :