പരിപ്പും പയറുമൊക്കെ തുപ്പി.., എല്ലാവരേയും പിഴിഞ്ഞങ്ങ് അഭിനയിപ്പിക്കുവായിരുന്നു; പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞ് അമിത് ചക്കാലക്കല്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് അമിത് ചക്കാലക്കല്‍. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമിത് ചക്കാലക്കല്‍. ഇന്ദ്രജിത്ത് നായകനായ ‘ആഹാ’ ചിത്രത്തിന്റെ വിശേഷങ്ങള്‍ ആണ് നടന്‍ പറയുന്നത്. ഷൂട്ടിംഗിനായി വടംവലിച്ചതിന്റേയും പരിശീലനത്തിന്റേയും അനുഭവങ്ങളും താരം പറയുന്നുണ്ട്.

മാസങ്ങളോളം നീണ്ട തയാറെടുപ്പാണ് ചിത്രത്തിനായി നടത്തിയത്. ഇതിന് മുന്‍പ് സ്‌കൂളില്‍ വടം വലിച്ചിട്ടുണ്ട്. ബിബിന്‍ ചേട്ടന്‍ കഥ പറഞ്ഞപ്പോള്‍ നേരെ നിന്ന് വലിക്കാമെന്ന ചിന്തയായിരുന്നു മനസില്‍. നമ്മള്‍ പൊസിഷനില്‍ നില്‍ക്കുന്നു എടുക്കുന്നു കട്ട്. അങ്ങനെയൊക്കെ വിചാരിച്ച് ഷൂട്ടിന് ചെന്നപ്പോള്‍ ഓപ്പോസിറ്റ് ഒറിജിനല്‍ വടംവലി ടീമാണ്.

അവര്‍ ഗെയിമിന്റെ പാഷനുമായിട്ടാണ് നില്‍ക്കുന്നത്. സിനിമയില്‍ തമാശകളിയായി അവര്‍ക്ക് തോന്നരുത്. അതുകൊണ്ട് വലിയൊക്കെ കറക്ടായിട്ട് വലിപ്പിച്ചാണ് എടുത്തത്. പരിപ്പും പയറുമൊക്കെ തുപ്പി. ക്യാമറ അടുത്ത് വരുമ്പോള്‍ തങ്ങള്‍ സീരിയസാവും.

ഡയറക്ടര്‍ അങ്ങ് മാറി കഴിയുമ്പോള്‍ എന്തുവാടാ ഇതെന്ന് പരസ്പരം പറയും. ചിലര്‍ കള്ളവലി വലിക്കും. പക്ഷേ അതൊക്കെ വടത്തിലറിയാം. എല്ലാവരേയും പിഴിഞ്ഞങ്ങ് അഭിനയിപ്പിക്കുവായിരുന്നു. ഓരോ വലിയുടെയും വേദനയും ചങ്കിടിപ്പും ചോരയും നീരുമെടുത്താണ് ഓരോരുത്തരും ഈ പടം ചെയ്തത് എന്നാണ് അമിത് പറയുന്നത്.

ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മനോജ് കെ ജയന്‍, ശാന്തി ബാലചന്ദ്രന്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ ശിവ എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്. 2008ലെ വടംവലി സീസണില്‍ എഴുപത്തിമൂന്ന് മത്സരങ്ങളില്‍ എഴുപത്തിരണ്ടിലും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ”ആഹാ നീലൂര്‍” എന്ന ടീമിനോടുള്ള ബഹുമാനസൂചകമായാണ് ചിത്രത്തിന് ആഹാ എന്ന പേര് നല്‍കിയത്.

Vijayasree Vijayasree :