‘ഗംഭീരമായ പ്രകടനത്തിന് അഭിനന്ദനം’; വിനയ് ഫോര്‍ട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം രാജ്കുമാര്‍ റാവു,സന്തോഷം പങ്കുവെച്ച് താരം

മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രം സമ്മിശ്രാഭിപ്രായങ്ങള്‍ നേടിയാണ് മുന്നേറുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ പോലെ തന്നെ ഗംഭീരമായിരുന്നു വിനയ് ഫോര്‍ട്ടിന്റെ പ്രകടനവും. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. 

ഇപ്പോഴിതാ ബോളിവുഡ് താരം രാജ്കുമാര്‍ റാവു മാലിക്കിലെ അഭിനയത്തിന് വിനയ് ഫോര്‍ട്ടിന്  അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. രാജ്കുമാര്‍ അയച്ച മെസേജ് വിനയ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

‘ഹായ് വിനയ്. ഞാന്‍ രാജ്കുമാര്‍. ഞാന്‍ മാലിക് കണ്ടു. നിങ്ങളുടെ ഗംഭീരമായ പ്രകടനത്തിന് അഭിനന്ദനം അറിയിക്കുന്നു.’ എന്നാണ് താരം അയച്ച മെസേജ്. വിനയ് ഫോര്‍ട്ട് അഭിനന്ദനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാലിക്ക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ പറഞ്ഞ് പോകുന്ന സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കില്‍ അങ്ങനെ ആവാമെന്നും മഹേഷ് നാരായണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.




Vijayasree Vijayasree :