സിനിമയിലെ പ്രീ പ്രൊഡക്ഷന്‍, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതാണ്; ഓരോ സ്ത്രീയ്ക്കും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആവശ്യമായ സാഹചര്യം ഉണ്ടാകണം എന്ന് മന്ത്രി വീണ ജോര്‍ജ്

സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കാന്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. സിനിമയിലെ പ്രീ പ്രൊഡക്ഷന്‍, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും മാര്‍ഗനിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.

ലേബര്‍ കോഡ് നിര്‍ദേശങ്ങള്‍ വനിതാ സിനിമാ പ്രവര്‍ത്തകരെ എങ്ങനെ ബാധിക്കും എന്ന വിഷയത്തെ കുറിച്ച് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമറയ്ക്ക് മുന്നിലാണെങ്കിലും പുറകിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുക എന്നത് ശാക്തീകരണത്തില്‍ പ്രധാനമാണ്.

അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഓരോ സ്ത്രീയ്ക്കും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആവശ്യമായ സാഹചര്യം ഉണ്ടാകണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ഇടപടലുകളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

സിനിമ മേഖലയെ, കൂടുതല്‍ വനിതകള്‍ ജോലി ചെയ്യുന്നതും മെച്ചപ്പെട്ടതും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ മേഖലയാക്കി മാറ്റുന്നതിന് ഈ ശില്പശാല തുടക്കം കുറിക്കുമെന്ന് പ്രത്യാശിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ തെന്നിന്ത്യന്‍ സിനിമാ താരം അമല അക്കിനേനി മുഖ്യാതിഥിയായി പങ്കെടുത്തു.

വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ബീനാ പോള്‍ (ഡബ്ല്യു.സി.സി), എം. രഞ്ജിത്ത് (പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍), ജി.എസ്. വിജയന്‍ (വൈസ് പ്രസിഡന്റ് ഫെഫ്ക), സജിന്‍ ലാല്‍ (മാക്ട), എം. കൃഷ്ണകുമാര്‍ (കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍), മാല പാര്‍വതി (അമ്മ മെമ്പര്‍) എന്നിവര്‍ സംസാരിച്ചു.

Vijayasree Vijayasree :