പീഡോഫീലിയ പ്രോത്സാഹിപ്പിക്കുന്ന വരികളെഴുതിയതി; വൈരമുത്തുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

തമിഴ് ഗാനരചയിതാവ് വൈരമുത്തു എഴുതിയ പുതിയ പാട്ടില്‍ പീഡോഫീലിയയെ പ്രകീര്‍ത്തിക്കുന്നതായി ആരോപണം. മലയാളി യുവതാരം അനിഖ സുരേന്ദ്രന്‍ അഭിനയച്ചിരിക്കുന്ന എന്‍ കാതലാ എന്ന പാട്ട് വൈരമുത്തുവിന്റെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വൈരമുത്തുവിന്റെ 100 പാട്ടുകളടങ്ങിയ നാട്ടുപാടു തെരല്‍ എന്ന മ്യൂസിക് പ്രോജക്ടിന്റെ ഭാഗമായാണ് എന്‍ കാതലാ എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്. കൗമാരിക്കാരിയായ പെണ്‍കുട്ടിക്ക് ഏറെ മുതിര്‍ന്ന ഒരു കവിയോട് പ്രണയം തോന്നുന്നതാണ് പാട്ടിലെ പ്രമേയം.

പാട്ടിന്റെ വീഡിയോക്ക് താഴെ നല്‍കിയിട്ടുള്ള വിവരണത്തില്‍ തന്നെ പീഡിഫോലിയയെ നോര്‍മലൈസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രണയത്തിന്റെ ശക്തിക്ക് മുന്‍പില്‍ ജാതിയും മതവും വംശവും തകര്‍ന്നടിയുമ്പോള്‍ പ്രായം മാത്രം ഒരു തടസ്സമായി ഇനിയും തുടരുമോ എന്നാണ് ഈ വിവരണം.

ഇതിന് മറുപടിയായി ‘പ്രണയത്തിന് വയസ്സുണ്ടോ? പ്രായമാണോ നമ്മുടെ ജീവിതത്തിന്റെ അവസാനം നിശ്ചയിക്കുന്നത്? ചുണ്ടില്‍ വിടരുന്ന ചുംമ്പനങ്ങള്‍ക്ക് പ്രായമുണ്ടോ? ഏറ്റവും പ്രായം കൂടിയവന്‍ ചന്ദ്രനല്ലേ, എന്നാലും ഈ ചെറുപ്പക്കാരിയായ ലില്ലി ആ ചന്ദ്രന്‍ ആഗ്രഹിക്കുമ്പോള്‍ വിടരില്ലേ’ പെണ്‍കുട്ടിയുടെ വാക്കുകളായി പറയുന്നു. പതിനാറുകാരിയായ അനിഖ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ആണ് പാട്ടിലെത്തുന്നത്.

പാട്ടിനെതിരെ ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം ദേശീയ ബാലവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പീഡോഫീലിയ പ്രോത്സാഹിപ്പിക്കുന്ന വരികളെഴുതിയതിന് വൈരമുത്തുവിനെതിരെ നടപടി സ്വീകരിക്കണമെന്നും യൂട്യൂബിലും കലൈഞ്ജര്‍ ടിവി ചാനലിലും പാട്ടിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഗായിക ചിന്മയി ശ്രീപദയടക്കം നിരവധി പേര്‍ വൈരമുത്തുവിനെതിരെ മീടു വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് തീരുമാനം പുനപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അറിയിക്കുകയായിരുന്നു.

Vijayasree Vijayasree :