ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രമായി ‘മേപ്പടിയാന്‍’; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ താരത്തെ തേടി പുതിയൊരു സന്തോഷം എത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനംചെയ്ത ചിത്രം ‘മേപ്പടിയാന്‍’ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ജയകൃഷ്ണനാണ് മേപ്പടിയാനിലെ കേന്ദ്ര കഥാപാത്രം. ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ പി.വി.ആര്‍. സിനിമാസിലെ എട്ടാംനമ്പര്‍ സ്‌ക്രീനിലായിരുന്നു പ്രദര്‍ശനം.

2021-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് ‘മേപ്പടിയാനെ’ തേടിയെത്തിയത്. ജനുവരി 14-നാണ് ചിത്രം റിലീസ് ചെയ്തത്. 2020-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘താഹിറ’യെ തേടിയെത്തി. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന്റെ തീരമേഖലയായ എറിയാടുള്ള താഹിറ എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ‘താഹിറ’ എന്ന സിനിമയിലൂടെ സംവിധായകന്‍ സിദ്ധീഖ് പറവൂര്‍ പറയുന്നത്.

താഹിറ എന്ന വീട്ടമ്മതന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഒറിയോണ്‍ മാള്‍ പി.വി.ആര്‍. സിനിമാസിലെ എട്ടാംനമ്പര്‍ സ്‌ക്രീനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

2020-ല്‍ ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ താഹിറ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നേടിയിരുന്നു. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് സിദ്ധീഖ് പറവൂര്‍ പറഞ്ഞു. ഇത് വലിയ അംഗീകാരമായി കാണുന്നു. എന്നാല്‍, കേരളത്തിന്റെ പശ്ചാത്തലത്തിലെടുത്ത സിനിമ കേരളത്തിലെ ജനങ്ങളെ കാണിക്കാനാകാത്തത് ദുഃഖകരമാണെന്നും സിദ്ധിഖ് പറവൂര്‍ പറഞ്ഞു.

Vijayasree Vijayasree :