യുഎപിഎ, രാജ്യദ്രോഹക്കുറ്റങ്ങള്‍ പ്രസാദം പോലെ ഭരണകൂടം വിതരണം ചെയ്യുകയാണ്, കലാകാരന്‍മാര്‍ക്ക് ജോലി ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇവിടെ; കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സ്വര ഭാസ്‌കര്‍. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വര ഭാസ്‌കര്‍.

യുഎപിഎ, രാജ്യദ്രോഹക്കുറ്റങ്ങള്‍ പ്രസാദം പോലെ ഭരണകൂടം വിതരണം ചെയ്യുകയാണ് എന്നാണ് സ്വരയുടെ വിമര്‍ശനം. കലാകാരന്‍മാര്‍ എങ്ങനെ വേട്ടയാടപ്പെടുന്നുവെന്നും സ്വര വിശദീകരിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയിലാണ് സ്വരയുടെ വിമര്‍ശനം. കലാകാരന്‍മാര്‍ക്ക് ജോലി ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇവിടെയെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖി ഉള്‍പ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടി സ്വര പറഞ്ഞു.

ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത ആള്‍ക്കൂട്ടത്തിനും യുഎപിഎയും രാജ്യദ്രോഹവും വിതരണം ചെയ്യുന്ന ഭരണകൂടത്തിനും ഇടയിലാണ് ഈ നാട്ടിലെ സാധാരണ ജനങ്ങളെന്നും സ്വര വ്യക്തമാക്കി.

മുബൈ സന്ദര്‍ശനത്തിനിടെയാണ് മമത ബാനര്‍ജി കലാകാരന്‍മാരുടെയും ആക്റ്റിവിസ്റ്റുകളുടെയും യോഗം വിളിച്ചത്. ഷാരൂഖ് ഖാനെ ബിജെപി വേട്ടയാടിയെന്നും മമത പറഞ്ഞു. ജനാധിപത്യ വിരുദ്ധ പാര്‍ട്ടിയായ ബിജെപിയെയാണ് നമ്മള്‍ നേരിടുന്നത്. ഒരുമിച്ച് നിന്നാല്‍ നമ്മള്‍ വിജയിക്കുമെന്നും മമത പറഞ്ഞു.

Vijayasree Vijayasree :