ഒരു സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങി അവസാനിക്കും വരെ ഒരു പെര്‍ഫ്യൂമാണ് ഉപയോഗിക്കുന്നത്; അങ്ങനെ ചെയ്യാനുള്ള കാരണം തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഒരേ സമയം പല സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ എങ്ങിനെയാണ് കഥാപാത്രങ്ങളോട് ഇണങ്ങി ചേരാന്‍ സാധിക്കുന്നതെന്ന് പറയുകയാണ് ടൊവിനോ തോമസ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇതേ കുറിച്ച് പറഞ്ഞത്.

‘ഓരോ സിനിമയിലും വ്യത്യസ്തമായ ലുക്ക് ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഓരോ സിനിമയിലും കഥാപാത്രങ്ങളുടെ രൂപം ഓരോ പോലെയാവുമ്പോള്‍, ഞാന്‍ കാണുന്നത് ആ കഥാപാത്രങ്ങളെയാണ്. ഒരു വ്യത്യസ്തയ്ക്കായി ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്യും. ചിലപ്പേള്‍ തടി കുറക്കും, താടി വളര്‍ത്തും, അല്ലെങ്കില്‍ പുരികം വളര്‍ത്തുക. അങ്ങനെ ചെറിയ മാറ്റങ്ങള്‍ എന്നില്‍ ഞാന്‍ വരുത്തും.

കളയ്ക്ക് വേണ്ടി ഞാന്‍ എന്റെ പുരികം വളര്‍ത്തി. പിന്നെ ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ കാണുന്നത് ഷാജിയെ ആയിരിക്കും. ടൊവിനോയെ അല്ല. മറ്റൊരു കാര്യം ഞാന്‍ ചെയ്യുന്നത് വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക എന്നതാണ്. ഓരോ കഥാപാത്രത്തിനും ഞാന്‍ പ്രത്യേക പെര്‍ഫ്യൂമായിരിക്കും ഉപയോഗിക്കുക. അത് സിനിമ ഷൂട്ടിങ്ങ് തുടങ്ങി അവസാനിക്കും വരെ അത് തന്നെ ഉപയോഗിക്കും. അപ്പോള്‍ എനിക്ക് കൂടുതലായി ആ കഥാപാത്രത്തിലേക്ക് ഇണങ്ങിച്ചേരാന്‍ സാധിക്കും’ എന്നും താരം പറഞ്ഞു.

ടൊവിനോയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രമാണ് കള. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. രോഹിത്ത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം. സുമേഷ് മൂറാണ് ചിത്രത്തിലെ നായകന്‍. വില്ലന്‍ എന്നു പറയാവുന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Vijayasree Vijayasree :