തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നു; വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ തനിക്ക് ആവില്ല, മറ്റ് താരങ്ങളുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് സുരേഷ് ഗോപി

മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം സിനിമയ്ക്കായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇടയ്ക്കൊരു ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവായി മാറിയ സുരേഷ് ഗോപി അടുത്തിടെ വീണ്ടും അഭിനയത്തില്‍ സജീവമായി മാറി. അഭിനയത്തിന് പുറമെ അവതാരകനായും സുരേഷ് ഗോപി മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്.

കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് സുരേഷ് ഗോപി സഹായ ഹസ്തവുമായി എത്താറുണ്ട്. ഈ വാര്‍ത്തകളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. എന്നാല്‍ തനിക്ക് എല്ലാവരേയും സഹായിക്കാന്‍ പറ്റിയെന്ന് വരില്ലെന്നും തന്റെ മകളുടെ ഫീസ് അടക്കാന്‍ പലും പണമില്ലാതെ വന്നിട്ടുണ്ടെന്നും പറയുആ വാക്കുകളിലേക്ക്.

”എന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ എനിക്കാവില്ല. ഞാന്‍ കണ്ടെത്തും. അത് സോഷ്യല്‍ മീഡിയയിലൂടെയോ ചാനലുകളിലൂടെയോ വരുന്ന വാര്‍ത്തകളിലൂടെയായിരിക്കും. എന്റെ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഞാന്‍ വിളിച്ച് പറയും. അവര്‍ക്കത് സത്യസന്ധമാണെന്ന് തോന്നിയാല്‍ അത് ചെയ്യും. അല്ലാതെ വിളിക്കുന്ന എല്ലാവര്‍ക്കും കൊടുക്കാനുള്ള ധനസമ്പാദ്യം എനിക്കില്ല,” സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ സിനിമയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ സമയത്ത് സിനിമ ചെയ്ത താരങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകളെ വച്ച് തന്റെ പ്രവര്‍ത്തികളെ താരതമ്യം ചെയ്യരുതെന്നാണ് സുരേഷ് ഗോപി പറയുന്നത്. താന്‍ ഉളളതില്‍ നിന്നുല്ല മറിച്ച് ഇല്ലാത്തതില്‍ നിന്നുമാണ് സഹായങ്ങള്‍ ചെയ്തിരുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. സിനിമയില്‍ നിന്നും കുറച്ച് നാള്‍ സുരേഷ് ഗോപി വിട്ടു നിന്നിരുന്നു. ഈ സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.

”എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു,” എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇത് തന്റെ മനസില്‍ വലിയ മാറ്റം കൊണ്ടു വന്നു. ഇതോടെയാണ് നീട്ടിവച്ചിരുന്ന സിനിമയായ കാവല്‍ തുടങ്ങാനുള്ള സമ്മതം താന്‍ നല്‍കുന്നതെന്നും സുരേഷ് ഗോപി പറയുന്നു. ഇനിയും സിനിമ ചെയ്യണമെന്ന് തീരുമാനിച്ചതിന്റേയും കാരണം ഇതാണെന്നും സുരേഷ് ഗോപി പറയുന്നു.

അതേസമയം മലയാള സിനിമയില്‍ ഭീകര അന്തരീക്ഷമാണെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. തന്റെ സിനിമയായ കാവല്‍ മുടങ്ങിയതിനെക്കുറിച്ചായിരുന്നു താരത്തിന്റെ പരാമര്‍ശം. ‘ചെയ്യാമെന്ന് സമ്മതം പറഞ്ഞ ആ സിനിമയും മുടക്കി. ഭീകര അന്തരീക്ഷമാണ് ഇവിടെ. അത് മുടക്കി, മുടക്കിച്ചു. അത് നടന്നില്ല. കാവല്‍ അന്ന് 2019ല്‍ നടക്കേണ്ടതായിരുന്നു,” സുരേഷ് ഗോപി കൂട്ടിച്ചേര്‍ക്കുന്നു.

ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപി തിരികെയെത്തിയത്. ചിത്രത്തില്‍ ശോഭനയായിരുന്നു നായിക.ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ഉര്‍വശി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഇനി സുരേഷ്് ഗോപിയുടേതായി പുറത്തിറങ്ങാനുള്ളത് ആരാധകര്‍ കാത്തിരിക്കുന്നത് പോലെയുള്ള മാസ് ചിത്രങ്ങളാണ്. പാപ്പന്‍, കാവല്‍, ഒറ്റക്കൊമ്പന്‍ തുടങ്ങിയ സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്. പാപ്പനില്‍ മകന്‍ ഗോകുല്‍ സുരേഷും ഒപ്പം അഭിനയിക്കുന്നുണ്ട്.

Vijayasree Vijayasree :