എസ്പിബി എന്നെ സൂക്ഷിച്ചു നോക്കി, വേഗം കൈയ്യിലെ സിഗരറ്റ് വലിച്ചെറിഞ്ഞു പറഞ്ഞു ‘മോനെ, ഒരു ഗായകനാണെങ്കില്‍ ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്’; പിറന്നാള്‍ ദിനത്തില്‍ എസ്പിബിയുടെ ഓര്‍മ്മകളുമായി വേണുഗോപാല്‍

ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ തെന്നിന്ത്യന്‍ ഗാനാസ്വാദകര്‍ക്ക് സുപരിചിതനാണ് എസ്പി ബാലസുഹ്രഹ്മണ്യം. മലയാളം തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചാണ് എസ്പിബി ലോകത്തോട് വിട പറഞ്ഞത്. കോവിഡ് മഹാമാരി കവര്‍ന്നെടുത്ത പ്രിയ ഗായകന്റെ 75 ാം പിറന്നാള്‍ ദിനമാണ് ജൂണ്‍ നാല്. ഈ ദിവസത്തില്‍ എല്ലാവരുടെയും പ്രിയഗായകന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായകരും ആരാധകരും. ഈ അവസരത്തില്‍ എസ്പിബിയെ കുറിച്ചുളള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് വേണുഗോപാല്‍.

‘അവസരങ്ങള്‍ക്കായി ചെന്നൈയിലെ സ്റ്റുഡിയോകളില്‍ അലയുന്ന കാലം. കുറച്ച് സിനിമകളില്‍ പാടി ഒരു സംസ്ഥാന അവാര്‍ഡും ലഭിച്ച ആ കാലത്തൊരു നാളാണ് എസ്പിബിയെ ആദ്യം കാണുന്നത്. 90കളുടെ തുടക്കമാണ്. ഒരു പാട്ട് റെക്കോര്‍ഡിങ് കഴിഞ്ഞിറങ്ങി ചെന്നൈ പ്രസാദ് സ്റ്റുഡിയോയ്ക്കു മുന്നിലെ കടയില്‍ നിന്നും ചായകുടിക്കുകയായിരുന്നു ഞാനും ജോണ്‍സേട്ടനും. ഇടതു വശത്തെ ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നിറങ്ങിവരുന്ന നല്ല വണ്ണവും ഒത്ത ഉയരവുമുളള ആളെ ഞാന്‍ കൗതുകത്തോടെ നോക്കി. ഇടതുകൈയ്യില്‍ ഐസ് ക്യൂബ് നിറഞ്ഞ ചഷകം, മറ്റേ കയ്യില്‍ എരിയുന്ന സിഗരറ്റുമായി മഴയിലേക്ക് നോക്കി നില്‍ക്കുകയാണ് അദ്ദേഹം. ചാറ്റല്‍മഴക്കിടയിലൂടെ ആ മുഖം തെളിഞ്ഞു കണ്ടു. മനസ് ആഹ്ലാദത്തോടെ മന്ത്രിച്ചു. എസ്പിബി അഥവാ എസ്പി ബാലസുബ്രഹ്മണ്യം.

”പരിചയപ്പെടുത്താം നീ വാ” എന്നു പറഞ്ഞ് ജോണ്‍സേട്ടന്‍ മുന്നില്‍ നടന്നു. അങ്ങനെ അദ്ദേഹത്തെ പരിചയപ്പെടുത്തി. എസ്പിബി എന്നെ സൂക്ഷിച്ചു നോക്കി, വേഗം കൈയ്യിലെ സിഗരറ്റ് വലിച്ചെറിഞ്ഞു പറഞ്ഞു ”മോനെ, ഒരു ഗായകനാണെങ്കില്‍ ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്”. തുടര്‍ന്ന് അദ്ദേഹത്തൊടൊപ്പം ഡബ്ബിങ് സ്റ്റുഡിയോയില്‍ പോയി കമല്‍ഹാസന്റെ മേയര്‍ കഥാപാത്രത്തിന് ഗാഭീര്യം നിറഞ്ഞ ശബ്ദം പകരുന്നത് ആരാധനയോടെ കേട്ടിരുന്നു.

രോഗബാധിതനായപ്പോഴും അദ്ദേഹം ഞങ്ങളുടെ ഇന്ത്യന്‍ സിങ്ങേഴ്സ് റൈറ്റ്സ് അസോസിയേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വോയ്സ് മെസേജ് ഇടുമായിരുന്നു. ഐസിയുവില്‍ പോകുംവരെ. അദ്ദേഹത്തിന്റെ ജീവിതത്തിലെ കഠിന പരീക്ഷണങ്ങള്‍ തന്നെയായിരുന്നു അവസാന നാളുകള്‍. ഒരിക്കലും മരിക്കില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന വ്യക്തിയാണദ്ദേഹം.

മരണശേഷം കവി പി.കെ. ഗോപി വിളിച്ചു എസ്പിബിയെക്കുറിച്ച് അദ്ദേഹമെഴുതിയ ഒരു ഗാനം ആലപിക്കുന്നതിനെക്കുറിച്ചു പറഞ്ഞു. അത് വേണുവിന്റെ ശബ്ദത്തില്‍ കൃത്യമാകും എന്നു പറഞ്ഞു. കോഴിക്കോടുള്ള നോബി ബെന്‍ടെക്സ് സംഗീതം നല്‍കിയ ‘ഇളയനിലാവ് പൊലിഞ്ഞു’ എന്ന ഗാനം. എസ്പിബിയുടെ ഗാനങ്ങളുടെ ആദ്യവരികള്‍ നിറഞ്ഞൊരു പാട്ട്. ഗദ്ഗദത്തോടെ മാത്രമേ ആ ഗാനം പാടാനായുള്ളൂ. എന്റെ യൂട്യൂബ് ചാനലായ ‘ഹൃദയവേണു’ ചാനലിലൂടെയായിരുന്നു ഗാനത്തിന്റെ റിലീസ് എന്നും വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇക്കഴിഞ്ഞ സെപ്തംബര്‍ 25 നായിരുന്നു എസ്പിബി പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥന വിഫലമാക്കി ഈ ലോകത്തോട് വിട പറഞ്ഞത്. കോവിഡ് ബാധിതനായി നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വൈകാതെ ഞാന്‍ തിരികെ വരുമെന്നുമൊക്കെ എസ്പിബി തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. പെട്ടെന്നാണ് താരത്തിന്റെ ആരോഗ്യം മോശമാവുന്നത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച എസ്പിബിയുടെ നില അതിഗുരുതമായിരുന്നുവെങ്കിലും ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. കൊവിഡ് മുക്തനായതോടെ ജീവിതത്തിലേക്ക് തിരികെ വരുന്നുമെന്നുള്ള ശുഭപ്രതീക്ഷകള്‍ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു.

മകന്‍ എസ്പി ചരണ്‍ ആണ് പിതാവിന്റെ വേര്‍പാട് പുറംലോകത്തെ അറിയിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായിട്ടുള്ള സംഗീത ജീവിതത്തില്‍ ഏറ്റവുമധികം പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് എസ്ബി ബാലസുബ്രഹ്മണ്യം സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. മലയാളത്തില്‍ 120 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 45 സിനിമകളില്‍ അഭിനയിച്ചു. പത്മശ്രീയും പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

Vijayasree Vijayasree :