നോ എന്നാല്‍ നോ തന്നെ. ആയിരം യെസിന് ശേഷം നോ പറയുന്നതിലും പ്രശ്നമില്ല, നോ എന്ന് പറയുന്നത് ഒരു നാണക്കേടുമല്ല, അതിന്റെ കാരണമോ, സാഹചര്യമോ ഒന്നും അവിടെ പ്രധാനമല്ല!; മാനസയുടെ മരണത്തില്‍ പ്രതികരണവുമായി സിത്താര കൃഷ്ണകുമാര്‍

കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കുറച്ച് ദിവസം മുമ്പ് കോതമംഗലത്ത് നടന്ന ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായ മാനസയുടെ കൊലപാതകം. മാനസ പ്രണയാഭ്യര്‍ത്ഥന നിരസിച്ചിതിനെ തുടര്‍ന്ന് രിഖില്‍ എന്ന ചെറുപ്പക്കാരന്‍ മാനസയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണ കുമാര്‍. നോ ആരോട് പറഞ്ഞാലും പിന്നീട് വിശദീകരണത്തിന്റെ ആവശ്യമില്ല. നോ പറഞ്ഞ വ്യക്തിയെ പിടിച്ച് നിര്‍ത്താനോ നിര്‍ബന്ധിക്കാനോ ശ്രമിക്കരുത് എന്നുമാണ് സിത്താര പറഞ്ഞത്.

‘നോ എന്ന് പറഞ്ഞാല്‍ നോ എന്നാണ് അര്‍ത്ഥം. ഇത് ആര് ആരോട് പറയുന്നു എന്നത് പ്രസക്തമല്ല. ഒരു മകള്‍ അമ്മയോടോ, ഒരു അച്ഛന്‍ മകനോടോ, ഒരു ഭാര്യ ഭര്‍ത്താവിനോടോ, ഒരു സഹോദരന്‍ സഹോദരിയോടോ, ഒരു കമിതാവ് മറ്റൊരു കമിതാവിനോടോ, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോടോ പറഞ്ഞോട്ടേ.

നോ എന്നാല്‍ നോ തന്നെ. ആയിരം യെസിന് ശേഷം നോ പറയുന്നതിലും പ്രശ്നമില്ല. നോ എന്ന് പറയുന്നത് ഒരു നാണക്കേടുമല്ല. അതിന്റെ കാരണമോ, സാഹചര്യമോ ഒന്നും അവിടെ പ്രധാനമല്ല. നോ പറഞ്ഞതിന് ശേഷം വിശദീകരണത്തിന്റെയോ, മനസിലാക്കലിന്റെയോ, നിര്‍ബന്ധത്തിന്റെയോ, തെറ്റിദ്ധരിപ്പിക്കലിന്റേയോ ആവശ്യമില്ല. അങ്ങനെ ചെയ്താല്‍ അത് വിഷം കഴിക്കുന്നതിന് തുല്യമാണ്.

പിന്നീട് നിങ്ങള്‍ക്ക് ആരെയെങ്കിലും മാനസികമായോ ശാരീരികമായോ വേദനിപ്പിക്കുന്നത് തെറ്റല്ലെന്ന് തോന്നാം. അങ്ങനെ ഒരു ദിവസം ആരെയെങ്കിലും കൊല്ലുന്നതും നിങ്ങള്‍ക്ക് ശരിയായി തോന്നും.’ കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ് മാനസ.

പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ രാഹിന്‍ മാനസയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തെ ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളില്‍ കോളേജ് അധികൃതര്‍ രാഹിന് താക്കീത് നല്‍കിയിരുന്നു. പിന്നീട് ഇയാള്‍ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് സഹപാഠികള്‍ നല്‍കുന്ന വിവരം.

Vijayasree Vijayasree :