ആ അമ്മ സ്വന്തം മകളുടെ മരണവാര്‍ത്ത അറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു, പിന്നെങ്ങെനെ അവരുടെ സമനില തെറ്റാതെ ഇരിക്കും; ഇപ്പോഴും ആ വേദനയില്‍ നിന്നും പുറത്ത് വന്നിട്ടില്ലെന്ന് സീമ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.

പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്ന് ശരണ്യയെ യാത്രയാക്കിയെങ്കിലും മകളുടെ വേര്‍പാട് ഉള്‍കൊള്ളാന്‍ ഇനിയും അമ്മയ്ക്ക് മാത്രം സാധിച്ചിട്ടില്ല. ശരണ്യ അന്തരിച്ച ദിവസം നടനും രാഷ്ട്രീയക്കാരനുമായ ഗണേഷ് കുമാര്‍ വീട്ടിലെത്തിയ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമനില തെറ്റിയ അവസ്ഥയില്‍ പൊട്ടിക്കരയുകയായിരുന്നു ശരണ്യയുടെ അമ്മ. അവിടെയും നടി സീമ ജി നായര്‍ പിന്തുണയുമായി ഉണ്ടായിരുന്നു. ശരണ്യയെ മകളെ പോലെ സ്നേഹിച്ച സീമ ഈ വിഷമഘട്ടത്തെ കുറിച്ച് തുറന്ന് പറയുകയാണിപ്പോള്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് ശരണ്യയുടെ വേര്‍പാടുണ്ടായത് മുതല്‍ അമ്മയ്ക്ക് പിന്തുണയുമായി ആ വീട്ടില്‍ തന്നെയായിരുന്നു സീമയും. ശരണ്യയുടെ അവസാന നിമിഷം താന്‍ ഒപ്പമായിരുന്നു എന്നതിനെ പറ്റിയും മകളുടെ മരണവിവരം അമ്മ അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴിയാണെന്നും ഒരു അഭിമുഖത്തിലൂടെ സീമ പറയുന്നു.

ശരണ്യയുടെ അമ്മ ഇപ്പോഴും ആ വേദനയില്‍ നിന്നും പുറത്ത് വന്നിട്ടില്ലെന്നാണ് സീമ പറയുന്നത്. അവള്‍ മരിക്കുന്ന സമയത്ത് അമ്മ അടുത്ത് ഉണ്ടായിരുന്നില്ല. സ്ഥിരമായി ആശുപത്രിയില്‍ ആയിരുന്നതിനാല്‍ മകള്‍ക്ക് കൊടുക്കാനുള്ള ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി രാവിലെ പതിനൊന്ന് മണിയോട് കൂടി അമ്മ വീട്ടിലേയ്ക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനുള്ളില്‍ അവള്‍ പോയി. ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന താനടക്കമുള്ള കുറച്ച് പേര്‍ക്കേ ഇതേ കുറിച്ച് അറിവ് ഉണ്ടായിരുന്നുള്ളു. അമ്മയോട് സാവധാനം കാര്യങ്ങള്‍ പറയാമെന്ന് വിചാരിച്ചെങ്കിലും അത് നടന്നില്ല.

ശരണ്യ മരിച്ചെന്ന വിവരം എങ്ങനയോ ലീക്ക് ആയി. ഇതോടെ സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം പോസ്റ്റുകള്‍ വന്ന് തുടങ്ങി. ശരണ്യയുടെ ഫോണ്‍ അമ്മയുടെ കൈയിലും ആയിരുന്നു. ചില നോട്ടിഫിക്കേഷന്‍ ആ ഫോണിലേക്ക് വന്നതോടെ അമ്മ അത് തുറന്ന് നോക്കി. ആദരാഞ്ജലികള്‍ക്കൊപ്പം മകളുടെ ഫോട്ടോ കൂടി കണ്ടതോടെയാണ് ആ വിവരം അമ്മ അറിഞ്ഞത്. സ്വന്തം മകള്‍ മരിച്ചതിനെ കുറിച്ച് അമ്മ അറിഞ്ഞത് അങ്ങനെയായിരുന്നു. പിന്നെ എങ്ങനെ അവരുടെ സമനില തെറ്റാതെ ഇരിക്കുമെന്ന് സീമ ചോദിക്കുന്നു. ഇപ്പോഴും ആ ഷോക്കില്‍ നിന്നും അവര്‍ മോചിതയായിട്ടില്ലെന്നും നടി പറയുന്നു.

അസുഖം വല്ലാതെ കൂടുതല്‍ ആയിരുന്നെങ്കിലും അവള്‍ പെട്ടെന്ന് പോവുമെന്ന് ആരും കരുതിയിരുന്നില്ല. മരണത്തെ കുറിച്ച് അവള്‍ക്കും ഭയം ഉണ്ടായിരുന്നില്ല. താന്‍ ഇപ്പോഴും മരിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു അവള്‍. ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടി ആത്മീയമായൊരു ജീവിതത്തിലേക്ക് അവള്‍ മാറിയിരുന്നു. മരണമെന്ന ചിന്ത ശരണ്യയെ അലട്ടിയിരുന്നില്ല. അങ്ങനെ പേടിച്ചിരുന്ന കുട്ടി ആയിരുന്നെങ്കില്‍ ഇത്രയും പ്രതിസന്ധികള്‍ അവള്‍ തരണം ചെയ്യില്ലായിരുന്നു എന്നാണ് സീമയുടെ അഭിപ്രായം. അവസാന ദിവസങ്ങളിലെല്ലാം ഞാന്‍ കൂടെ തന്നെ ഉണ്ടായിരുന്നതായും നടി വ്യക്തമാക്കുന്നു.

സ്വന്തം അമ്മയെ പോലെ ശരണ്യയുടെ എല്ലാ കാര്യത്തിനും കൂടെ നിന്ന വ്യക്തി സീമയായിരുന്നു. ആ സ്നേഹം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശരണ്യയുടെ വീടിനിട്ട പേര്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയുടെ ചിലവുകള്‍ കാരണം കേറി കിടക്കാന്‍ പോലും വീടില്ലാത്ത അവസ്ഥയിലായിരുന്നു ശരണ്യ. പലരുടെയും സഹായത്തോടെയാണ് തിരുവനന്തപുരത്ത് ഒരു വീട് നിര്‍മ്മിച്ചത്. സീമയാണ് ഇതിനു മുന്നില്‍ നിന്നിരുന്നത്.

Vijayasree Vijayasree :