വളരെ പ്രിയപ്പെട്ട കഥാപാത്രം; യുദ്ധത്തില്‍ മരണമടഞ്ഞവര്‍ക്കും, യുദ്ധത്തിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്നവര്‍ക്കുമുള്ള സമര്‍പ്പണമാണ് രാജിയെന്ന് സമാന്ത

ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍ 2’ റിലീസ് ചെയ്തതിന് പിന്നാലെ സമാന്തയ്ക്കും കഥാപാത്രമായ രാജിയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് സമാന്ത. യുദ്ധത്തില്‍ മരണമടഞ്ഞവര്‍ക്കും, യുദ്ധത്തിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്നവര്‍ക്കുമുള്ള സമര്‍പ്പണമാണ് ഫാമിലി മാന്‍ 2 എന്ന സീരീസിലെ രാജി എന്ന കഥാപാത്രം എന്നാണ് സമാന്ത പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

സാമന്തയുടെ വാക്കുകള്‍:

സീരീസിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വായിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. രാജി വളരെ പ്രിയപ്പെട്ടതായിരിക്കും. സീരീസിന്റെ സംവിധായകാരായ രാജും ഡികെയും എന്നെ സമീപിച്ചപ്പോള്‍ വളരെയധികം സെന്‍സിറ്റിവിറ്റിയും ബാലന്‍സും ആവശ്യമുള്ള കഥാപാത്രമാണ് രാജി എന്ന് പറഞ്ഞിരുന്നു. ഈലം യുദ്ധത്തില്‍ തമിഴ് സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചുള്ള ഡോക്യൂമെന്ററികള്‍ ക്രിയേറ്റിവ് ടീം എനിക്ക് അയച്ച് തന്നു. അവ കണ്ടപ്പോള്‍ സങ്കടവും ഭയവും തോന്നി.

വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ ഡോക്യൂമെന്ററികള്‍ കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് തമിഴര്‍ മരിച്ചപ്പോള്‍ ലോകം അവരില്‍ നിന്നും എങ്ങനെ അകന്നുവെന്ന് എനിക്ക് മനസ്സിലായി. ലക്ഷക്കണക്കിന് പേര്‍ക്ക് അവരുടെ വീടും മറ്റു ഉപജീവന മാര്‍ഗങ്ങളും നഷ്ടമായി. ആഭ്യന്തര കലഹത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങി പലരും ദൂരെയുള്ള രാജ്യങ്ങളില്‍ കഴിയുന്നു. രാജിയുടെ കഥ, സാങ്കല്‍പ്പികമാണെങ്കിലും, യുദ്ധത്തില്‍ മരണമടഞ്ഞവര്‍ക്കും, യുദ്ധത്തിന്റെ വേദനയേറിയ ഓര്‍മ്മയില്‍ ജീവിക്കുന്നവര്‍ക്കുമുള്ള സമര്‍പ്പണമാണ്.

രാജിയുടെ കഥാപാത്രം സെന്‍സിറ്റിവും ബാലന്‍സെഡും ആയിരിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിദ്വേഷം, അടിച്ചര്‍മത്തല്‍, അത്യാഗ്രഹം എന്നിവയ്ക്കെതിരേയുള്ള പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരിക്കണം രാജി എന്ന കഥാപാത്രം എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടാല്‍, നിരവധി പേര്‍ക്ക് അവരുടെ വ്യക്തിത്വം, സ്വാതന്ത്ര്യം, സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശം തുടങ്ങിയവ നിഷേധിക്കപ്പെടും.

Vijayasree Vijayasree :