തിയേറ്ററുകള്‍ തുറക്കുന്നത് കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രം; സിനിമകള്‍ക്ക് വിനോദ നികുതി ഒഴിവാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രമേ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമകള്‍ക്ക് വിനോദ നികുതി ഒഴിവാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഒടിടി പ്ലാറ്റ്‌ഫോകളിലൂടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിയേറ്ററുകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ സാദചര്യത്തില്‍ രണ്ട് സിനിമകളുടെ തിയേറ്റര്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’, മോഹന്‍ലാല്‍ നായകനായി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത’ആറാട്ട്’ എന്നീ രണ്ട് ചിത്രങ്ങളുടെ റിലീസ് തീയതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടത്.

ഓഗസ്റ്റ് 12ന് ആണ് മരക്കാര്‍ റിലീസിന് എത്തുക എന്നും ആറാട്ട് ഒക്ടോബര്‍ 14ന് തിയേറ്ററില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ മരക്കാറിനായി ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം വന്‍ താരനിരയാണ് അണിനിരക്കുന്നത്.

അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ മലയാള സിനിമ പ്രതിസന്ധിയില്‍ തുടരുകയാണ്. ഈ ഘട്ടത്തില്‍ സിനിമ ഒടിടിയിലും തിയേറ്ററിലും ഒരുമിച്ചു റിലീസ് ചെയ്യാനുള്ള സാധ്യതയെ കുറിച്ച് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍ പറഞ്ഞിരുന്നു. ഒരിക്കലും പൈറസി വരാന്‍ ഇടയില്ലാത്ത ടെക്നിക്കല്‍ വശങ്ങള്‍ ഉള്‍പ്പെടുത്തി വേണം ഒടിടി നടപ്പില്‍ വരുത്താന്‍ എന്നും പൈറസി ചെയ്യുന്നവര്‍ക്ക് ജാമ്യമില്ലാ വകുപ്പും, കുറഞ്ഞത് 6 വര്‍ഷം ജയില്‍ ശിക്ഷ കിട്ടുന്ന നിയമം കൊണ്ടുവരണമെന്നും നിര്‍മ്മാതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

Vijayasree Vijayasree :