സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ തിയേറ്റര്‍ തുറക്കുന്നത് പരിഗണിക്കൂ; സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡിന്റെ പിടിയിലാണ് ഈ ലോകം. കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ തിയേറ്ററുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ തിയേറ്റര്‍ തുറക്കുന്നത് പരിഗണിക്കൂ എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.

തിയറ്ററുകളുടെ വിനോദ നികുതിയില്‍ ഇളവ് നല്‍കുന്നതും പരിഗണിക്കപ്പെടുമെന്ന് സജി ചെറിയാന്‍ നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന്റെ സമയത്ത് തിയറ്റര്‍ തുറക്കണമെന്നായിരുന്നു സിനിമ സംഘടനകളുടെയും തിയറ്റര്‍ ഉടമകളുടെയും ആവശ്യം.

എന്നാല്‍ അത് സര്‍ക്കാര്‍ സ്വീകരിച്ചില്ല. സംസ്ഥാനത്തെ ടിപിആര്‍ 8 ശതമാനമെങ്കിലും കുറഞ്ഞാല്‍ മാത്രമെ തിയറ്റര്‍ തുറക്കു എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. നിലവില്‍ സംസ്ഥാനത്ത് വ്യവസായ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടും തിയറ്റര്‍ തുറക്കാത്ത് ശരിയായില്ലെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു.

2021 തുടക്കത്തില്‍ തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രണ്ടാം തരംഗത്തോടെ വീണ്ടും അടച്ച് പൂട്ടുകയായിരുന്നു. മലയാളത്തില്‍ നിരവധി ചിത്രങ്ങളാണ് റിലീസിന് തിയറ്റര്‍ തുറക്കാനായി കാത്തിരിക്കുന്നത്. തിയറ്റര്‍ ഉടമകളും വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്.

Vijayasree Vijayasree :