കണക്ക് കൂട്ടാന്‍ എളുപ്പമായി!; പെട്രോള്‍ വില വര്‍ധനവിനെതിരെ ട്രോളുമായി നടന്‍ രൂപേഷ് പീതാംബരന്‍

സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. നാള്‍ക്ക് നാള്‍ ഇന്ധന വില വര്‍ധിക്കുന്നതിനെതിരെ ട്രോളുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കണക്ക് കൂട്ടാന്‍ എളുപ്പമായി! 100 രൂപയ്ക്ക് ഒരു ലിറ്റര്‍, 1000 രൂപയ്ക്ക് 10 ലിറ്റര്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 100.04 ആയി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയും ഇന്ന് കൂടിയതോടെയാണ് പെട്രോള്‍ വില 100 കടന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും ഡീസലിന് 95.62 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.86 രൂപ, ഡീസലിന് 94.79 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 98.23 രൂപ, ഡീസലിന് 93.43 രൂപ എന്നിങ്ങനെയാണ് വില.

22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂടുന്നത്.രാജ്യ വ്യാപകമായി ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധം ശക്തമാവുമ്പോഴും വര്‍ദ്ധനവ് തുടരുകയാണ്. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരെ 30ന് എല്‍ഡിഎഫ് പ്രതിഷേധമുയര്‍ത്തും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :