ലോക്ഡൗണ്‍ സമയത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള മികച്ച പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ അഞ്ച് സിനിമകള്‍ ഉണ്ടായിട്ടുള്ളത് മലയാളത്തില്‍ നിന്നാണ്; തിരിച്ചുവരുന്നത് സിനിമയുടെ ഏറ്റവും നല്ല കാലം

പ്രതിസന്ധികള്‍ക്കു ശേഷം തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യം വരുമ്പോള്‍ സിനിമയുടെ ഏറ്റവും നല്ല കാലമാകും ഇനി തിരിച്ചുവരികയെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ലോക്ഡൗണ്‍ സമയത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള മികച്ച പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ അഞ്ച് സിനിമകള്‍ ഉണ്ടായിട്ടുള്ളത് മലയാളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച ക്ലബ്ബ്ഹൗസ് കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ലോക്ഡൗണ്‍ സമയത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള മികച്ച പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ അഞ്ച് സിനിമകള്‍ ഉണ്ടായിട്ടുള്ളത് മലയാളത്തില്‍ നിന്നാണ്. ഈ കാലത്ത് ഞാന്‍ കാണുന്ന പോസിറ്റിവ് അതാണ്. മറ്റ് ഭാഷകളിലുള്ള ആളുകള്‍ ലോക്ഡൗണിനു മുമ്പ് മലയാളത്തെ നോക്കി കാണുന്നതിനേക്കാള്‍ സീരിയസ് ആയി മലയാളസിനിമയെയും പ്രവര്‍ത്തകരെയും നോക്കി കാണുന്നു.

നമ്മുടെ സിനിമ തിയറ്ററില്‍ പ്രേക്ഷകര്‍ കാണുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. നമ്മുടെ സിനിമ കണ്ട് നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ പ്രേക്ഷകര്‍ പ്രതികരിക്കുന്നത് കാണുമ്പോള്‍ കിട്ടുന്ന സന്തോഷം വേറൊരു പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭിക്കില്ല. സന്തോഷം എന്നു പറയുന്നത് തിയേറ്ററാണ്.

പരീക്ഷണങ്ങള്‍ സംഭവിക്കുന്നതും തിയറ്ററില്‍ നിന്നാണ്. ഓപ്പറേഷന്‍ ജാവ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങള്‍ വിജയിച്ചതും തിയറ്ററുകളില്‍ തന്നെയാണ്. ഇതൊരു വിദൂരകാലമല്ല, ഇതിനു ശേഷം സിനിമയുടെ ഏറ്റവും നല്ല കാലം തിരിച്ചുവരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

Vijayasree Vijayasree :