നാലാം ചലഞ്ചുമായി ചാക്കോച്ചന്‍; ജി എസ് പ്രദീപുമായി ചെസ് കളിക്ക് ഒരുങ്ങി കുഞ്ചാക്കോ ബോബന്‍, തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുതെന്നും താരം

ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനുള്ള ചാക്കോച്ചന്‍ ചലഞ്ചിലെ നാലാം ചലഞ്ചുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഇന്ന് ചെസ് കളിയാണ് കുഞ്ചാക്കോ ബോബന്റെ ചലഞ്ച്. ശ്രീ ജി എസ് പ്രദീപാണ് ചാക്കോച്ചനൊപ്പം ചെസ് കളിക്കാനൊരുങ്ങുന്നത്. ‘ഇന്ന് നാലാമത്തെ ദിവസം. ഈ ദിവസത്തെ ചലഞ്ച് എനിക്കും ഏറെ ത്രില്ലിംഗ് ആണ്. ബുദ്ധി കൊണ്ട് കരുക്കള്‍ നീക്കുന്ന ചെസ്സ് എന്ന മാജിക് ഗെയിം ആണ് ഇന്ന് കളിക്കാന്‍ ഉദ്ദേശിക്കുന്നത്.

എന്റെ ചെസ്സ് മേറ്റ് ആകുന്നത് കേരളത്തിലെ ബ്രില്ലിയന്റ് മൈന്‍ഡ്, നമുക്കേവര്‍ക്കും പ്രിയങ്കരനായ ശ്രീ ജി എസ് പ്രദീപ് ആണ്. കുഞ്ചാക്കോ ബോബനും, ജി എസ് പ്രദീപും ഏറ്റു മുട്ടുന്ന ചെസ്സ് ഗെയിം റിസള്‍ട്ട് അറിയാന്‍ കാത്തിരിക്കു! എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുത്’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ചാക്കോച്ചന്‍ ചലഞ്ച് എന്ന പുതിയ പദ്ധതിയുമായി താരം എത്തിയത്. താന്‍ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശയാണ് ഇത്തരമൊരു പദ്ധതിക്ക് കാരണമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ജൂണ്‍ 16 വരെ ഈ ചലഞ്ച് തുടരുമെന്നും താരം പറഞ്ഞു.

ഇതുവരെ മൂന്ന് ചലഞ്ചുകളാണ് താരം പൂര്‍ത്തിയാക്കിയത്. കോവിഡ് പ്രതിസന്ധിയില്‍ ആയവരെ ചെറിയ രീതിയിലെങ്കിലും സഹായിക്കുക എന്നതായിരുന്നു ചാക്കോച്ചന്റെ ആദ്യത്തെ ചലഞ്ച്. ‘ഇന്ന് ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ കമന്റ്‌സില്‍ എന്നെ അറിയിക്കുക; അതിനെക്കുറിച്ച് വായിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു.

പിന്തുണ ആവശ്യമാണെന്ന് എനിക്ക് തോന്നിയവരുടെ സാമ്പത്തിക ഭാരം ഒരല്‍പ്പമെങ്കികും ലഘൂകരിക്കുന്നതിന് എന്റെ ഭാഗത്തു നിന്നുള്ള ചെറിയ സംഭാവനകള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു എന്നാണ് ആദ്യ ചലഞ്ചിനെ കുറിച്ച് താരം പറഞ്ഞത്. രണ്ടാമത്തെ ദിവസം മരം നട്ടുകൊണ്ടാണ് താരം ചലഞ്ച് പൂര്‍ത്തിയാക്കിയത്. പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ചാക്കോച്ചന്‍ ചലഞ്ചില്‍ വ്യക്തമാക്കിയിരുന്നു. പഴയ സുഹൃത്തുക്കളോട് സംസാരിച്ച് ഓര്‍മ്മകള്‍ പങ്കുവെക്കുക എന്നതായിരുന്നു മൂന്നാമത്തെ ചലഞ്ച്.

Vijayasree Vijayasree :