20 ദിവസങ്ങള്‍ക്കിടെ നല്‍കിയത് 7000ല്‍ അധികം നേത്രദാന സമ്മതപത്രങ്ങള്‍; പുനീതിന്റെ മരണത്തിന് പിന്നാലെ താരത്തിന്റെ പാത പിന്തുടര്‍ന്ന് ആരാധകര്‍

നിരവധി ആരാധകരുള്ള താരമായിരുന്നു പുനീത് രാജ്കുമാര്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ഇപ്പോഴിതാ പുനീതിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ആരാധകരാണ് മുന്നോട്ടുവന്നിരിക്കുന്നത്.

കഴിഞ്ഞ 20 ദിവസങ്ങള്‍ക്കിടെ നേത്രദാന സമ്മതപത്രങ്ങള്‍ 7000ല്‍ അധികം വരുമെന്ന് നാരായണ നേത്രാലയ ആശുപത്രിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ ഭുജംഗ് ഷെട്ടി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. പിനീതിന്റെ മരണശേഷം 112 കണ്ണുകള്‍, അതായത് 56 പേരുടെ നേത്രദാനം ഇതിനകം നടന്നുകഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുനീത് ആരാധകര്‍ നേത്രദാനത്തിന്റെ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നുണ്ട്.

പുനീത് നേടിയെടുത്ത വലിയ ആരാധകപ്രീതി സാമൂഹ്യജീവിതത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലിന്റെ കൂടി ബലത്തിലായിരുന്നു. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നതായി വര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്ബത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‌കൂളുകള്‍ ഉണ്ടായിരുന്നു. മൈസൂരുവിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്‌ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം. അച്ഛന്‍ ഡോ: രാജ്കുമാറിന്റെ പേരിലുള്ള ട്രസ്റ്റ് വഴിയും ഒട്ടേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. സ്‌കൂളുകള്‍ക്കൊപ്പം അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കുവേണ്ടിയും അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്.

Vijayasree Vijayasree :