പീഡനത്തെ അതിജീവിച്ചവരെ അധിക്ഷേപിക്കുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം; നടിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പാര്‍വതി തിരുവോത്ത്

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.

‘അതിജീവിച്ചവളെ പിന്തുണച്ച് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. അവരുടെയൊക്കെ പ്രൊഡക്ഷന്‍ ഹൌസില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം. എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്ലൈന്‍ മാത്രം വന്നിട്ടുപോയാല്‍ പോരാ. നിയമപരമായിട്ട് കംപ്ലെയിന്റ് സെല്‍ പ്രൊഡക്ഷന്‍ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാല്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്’ എന്ന് പാര്‍വതി പറഞ്ഞു.

പീഡനത്തെ അതിജീവിച്ചവരെ അധിക്ഷേപിക്കുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തില്‍ നിരാശയുണ്ടെന്നും പാര്‍വതി പറഞ്ഞു. ‘റിപ്പോര്‍ട്ട് പുറത്തുവരില്ല, ഞങ്ങളെ സംരക്ഷിക്കാനാണെന്ന് ജസ്റ്റിസ് ഹേമ പറയുന്നു.

നമ്മളെ സംരക്ഷിക്കാനായി ഒരു ഡോക്യുമെന്റ് ഉണ്ടാക്കുന്നു. പിന്നെ ഡോക്യുമെന്റില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നു എന്ന രീതിയിലാവുന്നു. റിപ്പോര്‍ട്ട് പുറത്തവരണമെന്നാണ് ആഗ്രഹം. എന്‍ക്വയറി കമ്മീഷനില്‍ പെടുന്നില്ല ഹേമ കമ്മിറ്റി എന്നത് പുതിയ അറിവാണ്. ഞങ്ങള്‍ കരുതിയത് എന്‍ക്വയറി കമ്മീഷന്‍ ആണെന്നാണ്. ഇതില്‍ എന്തൊക്കെ അറിയാതെ കിടക്കുന്നുവെന്ന് ഇനി അറിയാനിരിക്കുന്നേയുള്ളൂ. പൂര്‍ണ പിന്തുണ വനിതാകമ്മീഷന്‍ ഉറപ്പ് തന്നിട്ടുണ്ട് എന്നും പാര്‍വതി വ്യക്തമാക്കി.

Vijayasree Vijayasree :