അഡാറ് ലവിന്റെ സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് സുരേഷേട്ടന്‍ വിളിക്കുന്നത്; തനിക്ക് കുറേ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഒമര്‍ലുലു

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. ഇപ്പോഴിതാ തന്റെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിനെതിരെ കേസ് വന്നപ്പോള്‍ സുരേഷ് ഗോപി ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഒമര്‍ ലുലു. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ സുരേഷ് ഗോപി ഇങ്ങോട്ട് വിളിച്ചു സംസാരിക്കുകയായിരുന്നു എന്ന് ഒമര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അഡാറ് ലവ് ചിത്രത്തിലെ ഗാനം വൈറല്‍ ആയതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരുന്നു. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കും ഗാനരചയിതാവിനെതിരെയും പരാതി നല്‍കിയിരുന്നു.

ഈ കേസിന്റെ സമയത്ത് സുരേഷ് ഗോപി സഹായിച്ചിരുന്നതായാണ് സംവിധായകന്‍ പറയുന്നത്. ”സുരേഷട്ടന്‍ എനിക്ക് കുറേ സഹായം ചെയ്തിട്ടുണ്ട്. അഡാറ് ലവിന്റെ സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സുരേഷേട്ടന്‍ സഹായിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ സുരേഷേട്ടന്‍ ഇങ്ങോട്ട് വിളിച്ചു” എന്ന് ഒമര്‍ ലുലു പറയുന്നു.

ഈ സമയത്ത് തനിക്ക് ധൈര്യം തന്നവരില്‍ ഒരാളാണ് പി.സി ജോര്‍ജ് എന്നും ഒമര്‍ ലുലു പറയുന്നുണ്ട്. ‘എടാ നീ ധൈര്യമായിട്ട് ഇരുന്നോടെ, ഇവിടുന്ന് ഒരു മക്കളും വന്ന് നിന്നെ കൊണ്ടു പോവില്ല’ എന്നൊക്കെ പറഞ്ഞിരുന്നു എന്നും ഒമര്‍ ലുലു പറഞ്ഞു. ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് പ്രവാചക നിന്ദയാണ് എന്നാരോപിച്ച് പരാതി നല്‍കിയിരുന്നത്. 


Vijayasree Vijayasree :