‘ഈ അംഗീകാരം സച്ചിക്കായി സമര്‍പ്പിക്കുന്നു. സംവിധായകന്‍ സച്ചിയില്ലെങ്കില്‍ സിനിമാ പിന്നണിഗാനരംഗത്ത് എത്തില്ലായിരുന്നു’; നിറകണ്ണുകളോടെ നഞ്ചിയമ്മ

കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനവേളയില്‍ മികച്ച പിന്നണിഗായികയായി തിരഞ്ഞെടുത്ത ജൂറിയുടെ പ്രത്യേക അവാര്‍ഡ് അന്തരിച്ച സംവിധായകന്‍ സച്ചിയ്ക്ക് സമര്‍പ്പിച്ച് നഞ്ചിയമ്മ. ”ഈ അംഗീകാരം സച്ചിക്കായി സമര്‍പ്പിക്കുന്നു. സംവിധായകന്‍ സച്ചിയില്ലെങ്കില്‍ സിനിമാ പിന്നണിഗാനരംഗത്ത് എത്തില്ലായിരുന്നു” എന്നാണ് നഞ്ചിയമ്മ പറഞ്ഞത്.

സച്ചി സംവിധാനംചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലാണ് നഞ്ചിയമ്മ പിന്നണിഗായികയായത്. ‘കലക്കാത്ത സന്ദനമേര’ എന്ന ഗാനം ആലപിച്ചു. സച്ചിയുടെ പ്രിയഗാനമായ ‘എത്തനികാല വാഴ്ന്താളോ ദൈവമകളെ’ എന്ന ഗാനംരചിച്ച് ആലപിച്ചു. ഈ രണ്ട് ഗാനവും ഏറെ ജനശ്രദ്ധ നേടിയതാണ്.

ചിത്രത്തില്‍ ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മായിയമ്മയായി അഭിനയിക്കയും ചെയ്തിരുന്നു. 2006-ല്‍ പഴനിസ്വാമി ടീംലീഡറായിട്ടുള്ള ആസാദ് കലാസംഘത്തില്‍നിന്നായിരുന്നു നഞ്ചിയമ്മയുടെ കലാജീവിതത്തിന്റെ തുടക്കം.

‘അയ്യപ്പനും കോശിയും’ തിരക്കഥ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ സച്ചി അട്ടപ്പാടിയില്‍ താമസിക്കുമ്പോഴാണ് സിനിമയ്ക്കായി ഒരു ഗോത്രഗായികയെ തിരഞ്ഞത്. പഴനിസ്വാമിയാണ് നഞ്ചിയമ്മയെ സച്ചിക്ക് പരിചയപ്പെടുത്തിയതും. കഴിഞ്ഞവര്‍ഷം ജൂണില്‍ സച്ചി അന്തരിച്ചു.പ്രിയനന്ദനന്റെ സംവിധാനത്തിലൊരുങ്ങുന്ന, ഗോത്രവിഭാഗക്കാര്‍മാത്രം അഭിനയിക്കുന്ന ‘ധബാരി ക്യൂരുവി’യിലാണ് നഞ്ചിയമ്മ ഇപ്പോള്‍ അഭിനയിക്കുന്നത്.

Vijayasree Vijayasree :