പരാജയപ്പെടുമോ എന്ന് പേടിച്ചിരുന്നാല്‍ സമാധാനമുള്ള മനസോടെ സിനിമ തിരഞ്ഞെടുക്കാന്‍ കഴിയാതെ വരും, സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമോ എന്ന പേടി തനിക്ക് ഉണ്ടായിരുന്നതായി നിവിന്‍ പോളി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നിവിന്‍ പോളി. ഇപ്പോഴിതാ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമോ എന്ന പേടി തനിക്ക് ഉണ്ടായിരുന്നതായി തുറന്ന് പറയുകയാണ് നിവിന്‍ പോളി. സിനിമകള്‍ പരാജയപ്പെട്ടാല്‍ കരിയര്‍ തന്നെ ഇല്ലാതായിപ്പോകുമോ എന്ന ഭയമൊക്കെ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വിജയപരാജയങ്ങള്‍ നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നതെന്നും താരം പറയുന്നു.

പരാജയത്തെ കുറിച്ചോര്‍ത്ത് ഇന്ന് പേടിയൊന്നുമില്ല. മനസിന് ഇഷ്ടമായ സിനിമകള്‍, പ്രേക്ഷകരെ രസിപ്പിക്കുന്ന വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കാനാണ് ഇപ്പോള്‍ ഇഷ്ടം. പരാജയപ്പെടുമോ എന്ന് പേടിച്ചിരുന്നാല്‍ സമാധാനമുള്ള മനസോടെ സിനിമ തിരഞ്ഞെടുക്കാന്‍ കഴിയാതെ വരും.

ഈ തിരിച്ചറിവ് വലിയ പാഠമായിരുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്. വിജയിച്ചവനൊപ്പമേ ആളുണ്ടാവൂ. എല്ലാ മേഖലയിലും ഉള്ളതുപോലെ വിജയിച്ചാലേ, പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാവൂ എന്ന തോന്നല്‍ സിനിമയിലുമുണ്ട്. സൊസൈറ്റി നല്‍കുന്ന ആ പ്രഷര്‍ വലുതാണ്.

ആ സമ്മര്‍ദം മറന്നുകളയുക. കയ്യില്‍ പൈസ വന്നാല്‍ മാത്രമേ സന്തോഷമുള്ളൂ എന്ന തോന്നല്‍ മാറ്റിയാല്‍ സമാധാനമായി സിനിമ ചെയ്യാം. പിന്നെ ‘നിന്റെ ഇത്രയും വര്‍ഷം പോയില്ലേ’ എന്ന ഡയലോഗ് കേള്‍ക്കാതിരിക്കുക. മനസ് പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അത് നമ്മള്‍ നമ്മളോട് മാത്രം സംസാരിക്കുന്ന കാര്യങ്ങളാണ്. അത് തെറ്റില്ല. ഒരുപാട് അഭിപ്രായങ്ങള്‍ കേട്ട് സ്വപ്നത്തില്‍ നിന്ന് അകന്നു പോകുന്നതിനേക്കാള്‍ നല്ലത് മനസു പറയുന്നത് കേള്‍ക്കുകയാണ് എന്നാണ് നിവിന്‍ പറയുന്നത്.

Vijayasree Vijayasree :